കൊച്ചി- കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ഥിനിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്ത രഖില്‍, ഒരു മാസമായി നെല്ലിക്കുഴിയില്‍ യുവതി താമസിച്ചിരുന്ന വീടിനു സമീപം മറ്റൊരു വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നതായി വിവരം. കൊല്ലപ്പെട്ട മാനസ താമസിച്ച വാടക വീടിനു മുന്നിലാണ് ഈ വീട്. എന്നാല്‍ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോടു രഖില്‍ പറഞ്ഞിരുന്നത്. ഒരു മാസം മുന്‍പു വന്ന്, ഏതാനും ദിവസം ഈ വീട്ടില്‍ താമസിച്ചു.
അതിനുശേഷം കഴിഞ്ഞ വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരില്‍നിന്നു തോക്ക് കൊണ്ടു വന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. 7.62 എംഎം പിസ്റ്റളാണ് മാനസയെ കൊല്ലാന്‍ രഖില്‍ ഉപയോഗിച്ചത്. ഏഴുറൗണ്ട് വെടിയുതിര്‍ക്കാവുന്ന തോക്കാണ് ഇതെന്നു പോലീസ് വ്യക്തമാക്കി. മാനസയുടെയും രഖിലിന്റെയും മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമത്തെ വാടക വീട്ടില്‍ കയറി ഡെന്റല്‍ വിദ്യാര്‍ഥിനി മാനസയെ രഖില്‍ രണ്ടുതവണ വെടിവച്ചത്. ഇതിനുശേഷം സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. സൂഹൃത്തുക്കളായ മറ്റു മൂന്നു യുവതികള്‍ക്കൊപ്പമാണ് മാനസ ഇവിടെ താമസിച്ചിരുന്നത്. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രഖില്‍ വീട്ടിലെത്തിയതെന്ന് യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.മുറിയില്‍നിന്നു ബഹളം കേട്ടു മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളംവച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.