കൊച്ചി- കാക്കനാടിനു സമീപം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ സംഭവം വിവാദമായതിന് പിന്നാലെ കൂടുതൽ പ്രതികരണവുമായി രഞ്ജിനി ഹരിദാസ്. നായ്ക്കളെ കൊല്ലുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഇനിയും പ്രതികരിക്കും. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് പ്രതികരണം നടത്തിയതെന്നും ഇവർ വ്യക്തമാക്കി.
തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ രഞ്ജിനി ഹരിദാനും നടൻ അക്ഷയ്ക്കുമെതിരെ പരാതിയുമായി തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പൻ രംഗത്തുവന്നിരുന്നു. തന്നെ ഔദ്യോഗിക പദവിയിൽ നിന്നു നീക്കാനാണ് ശ്രമമെന്നും ജാതീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്നും കാണിച്ചാണ് അജിതാ തങ്കപ്പൻ തൃക്കാക്കര പോലീസിൽ പരാതി നൽകിയത്. ഈ സംഭവത്തിലാണ് രഞ്ജിനി പ്രതികരണം നടത്തിയത്.
നഗരസഭാ അധ്യക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ചതല്ലാതെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിട്ടില്ല. മറ്റ് പലരും ഇട്ട പോസ്റ്റുകൾ ഷെയ്തുവെങ്കിലും താനായിട്ട് ആരുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. നായ്ക്കളെ കൊല്ലുന്നത് ഇഷ്ടമല്ലാത്തതിനാൽ ഇനിയും പ്രതികരിക്കും. കേസ് നടപടികളുമായി ബന്ധപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിയാൻ കഴിഞ്ഞത്. പരാതിയുമായി മുന്നോട്ട് പോയാൽ നിയമപരമായ വഴിയിലൂടെ താൻ മുന്നോട്ട് പോകുമെന്നും രഞ്ജിനി പറഞ്ഞു.
പരാതി നൽകിയ സംഭവം അറിഞ്ഞ ശേഷമാണ് അജിത തങ്കപ്പൻ പട്ടികജാതി വിഭാഗത്തിൽ പെടുന്ന വ്യക്തിയാണെന്നറിഞ്ഞത്. ഇത്തരത്തിൽ പരാതി നൽകിയത് എന്തിനാണെന്ന് വ്യക്തമല്ല. സംഭവത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെ പോലെയുള്ളവർക്കെതിരെ പരാതി നൽകിയതെന്നാണ് കരുതുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു.
പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കെതിരായ അതിക്രമം തടയൽ നിയമപ്രകാരവും ഐപിസി വകുപ്പുകൾ പ്രകാരവും ഇരുവർക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അജിതാ തങ്കപ്പന്റെ ആവശ്യം. തന്നെ സോഷ്യൽ മീഡിയയിലൂടെ അപമാനിക്കാൻ ശ്രമിച്ചെന്നും അവർ ആരോപിക്കുന്നുണ്ട്. തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ സംഭവം വിവാദമായിരുന്നു