Sorry, you need to enable JavaScript to visit this website.

സൗദി വനിതകള്‍ ജോലി ഉപേക്ഷിക്കാതിരിക്കാന്‍ പുതിയ പദ്ധതികള്‍

റിയാദ് - സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളെ ലക്ഷ്യമിട്ട് ആരംഭിച്ച ഗതാഗത, ശിശുപരിചരണ സഹായ പദ്ധതികളില്‍ 18,500 ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ ചെറിയ കുട്ടികളെ തൊഴില്‍ സമയത്ത് ശിശുപരിചരണ കേന്ദ്രങ്ങളുടെ സംരക്ഷണത്തില്‍ ഏല്‍പിക്കുന്നതിനുള്ള പദ്ധതിയില്‍ 7687 വനിതകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ മേഖലയിലെ തൊഴിലുകള്‍ സ്വീകരിക്കുന്നതിനും ജോലിയില്‍ ഉറച്ചുനില്‍ക്കുന്നതിനും സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് 'ഖുറ' എന്ന് പേരിട്ട പദ്ധതി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം ആവിഷ്‌കരിച്ചത്.
സ്വകാര്യ മേഖലയിലെ ജോലികള്‍ സ്വീകരിക്കുന്നതിന് സൗദി വനിതകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി തൊഴില്‍ വിപണിയില്‍ വനിതാ പങ്കാളിത്തം ഉയര്‍ത്തുന്നതിനും വനിതകള്‍ക്ക് തൊഴില്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനും സഹായിക്കും. ശിശുപരിചരണ കേന്ദ്രങ്ങളുടെ എണ്ണം ഉയര്‍ത്തുന്നതിനും ക്രഷെകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കും.
ഒരു കുട്ടിയെ ക്രഷെയില്‍ ആക്കുന്നതിന് മാസത്തില്‍ പരമാവധി 800 റിയാല്‍ വരെയാണ് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവ ശേഷി വികസന നിധി വഹിക്കുക. ക്രഷെ ഫീസിന്റെ 80 ശതമാനം വരെ നിധി വഹിക്കും. അവശേഷിക്കുന്ന 20 ശതമാനം പദ്ധതി ഗുണഭോക്താക്കള്‍ വഹിക്കണം. കുഞ്ഞിന് നാലു വയസ്സ് ആകുന്നതു വരെയാണ് പദ്ധതി വഴി ധനസഹായം നല്‍കുക. പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് വനിതാ ജീവനക്കാര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടവരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദിയിലെ എല്ലാ പ്രവിശ്യകളിലുള്ളവര്‍ക്കും പദ്ധതി പ്രയോജനപ്പെടുത്തുന്നതിന് സാധിക്കുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് ഗതാഗത സഹായം നല്‍കുന്ന പദ്ധതിയില്‍ 11,175 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. താമസ സ്ഥലങ്ങളില്‍ നിന്ന് തൊഴില്‍ സ്ഥലങ്ങളിലേക്കും തിരിച്ചുമുള്ള യാത്രക്ക് സ്വകാര്യ മേഖലാ ജീവനക്കാരികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള പരിഹാരമെന്നോണമാണ് 'വുസൂല്‍' എന്ന് പേരിട്ട പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സുരക്ഷിതവും ഉയര്‍ന്ന ഗുണമേന്മയുമുള്ള യാത്രാ സേവനം വനിതാ ജീവനക്കാര്‍ക്ക് പദ്ധതി ലക്ഷ്യമാക്കും. ഗുണഭോക്താക്കളുടെ ഗതാഗത ചെലവിന്റെ 80 ശതമാനം വരെയാണ് മാനവ ശേഷി വികസന നിധി വഹിക്കുക. സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ ജീവനക്കാരികള്‍ക്ക് നല്‍കുന്ന ഗതാഗത അലവന്‍സും മാനവ ശേഷി വികസന നിധി നടപ്പാക്കുന്ന ഗതാഗത സഹായ പദ്ധതിയും തമ്മില്‍ ബന്ധമില്ല. ഖുറ, വുസൂല്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി വനിതകളോട് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.

 

Latest News