കൊച്ചി- കോതമംഗലത്ത് കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ഥിനി മാനസയെ കാണാനായി കോതമംഗലത്ത് എത്തിയ രാഖില്‍ എല്ലാം നേരത്തെ ആസൂത്രണം ചെയ്തിരുന്നതായാണ് പോലീസ് നിഗമനം. ഡന്റല്‍ കോളജിന് സമീപമുള്ള മറ്റൊരു താമസ സ്ഥലത്ത് വന്ന് ഈ മാസം നാലിന് രാഹില്‍ മുറിയെടുത്തിരുന്നു. പ്ലൈവുഡ് വിതരണാവശ്യവുമായി കുറച്ചുകാലം താമസിക്കേണ്ടതുണ്ടെന്നാണ് കെട്ടിട ഉടമയോട് പറഞ്ഞത്. സ്വന്തം ആധാര്‍ കാര്‍ഡ് കാണിച്ച് കോപ്പി നല്‍കുകയും ചെയ്തു. പിന്നീട് ഇടയ്ക്ക് നാട്ടില്‍ പോയതായി ഉടമ പറഞ്ഞു. പെരുമാറ്റത്തിലൊന്നും സംശയം തോന്നിയിരുന്നുമില്ല. ഇന്നലെ സംഭവ ശേഷം എല്ലാവരും പേര് പറഞ്ഞത് കേട്ടപ്പോഴാണ് ആധാര്‍ കോപ്പി പരിശോധിച്ചതും മരിച്ചത് രാഖില്‍ തന്നെയാണെന്ന് പോലീസ് ഉറപ്പിച്ചതും. എങ്കിലും വെടിവയ്ക്കാനുപയോഗിച്ച പിസ്റ്റള്‍ എവിടെനിന്ന് സംഘടിപ്പിച്ചു, എന്തായിരുന്ന മാനസയുമായി രാഖിലിനുണ്ടായിരുന്ന ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ തീര്‍ച്ച വരുത്തേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.
കോളജിലും താമസ സ്ഥലത്തുമെല്ലാം മാനസ എല്ലാവര്‍ക്കും പ്രിയങ്കരിയായിരുന്നുവെന്ന് അധ്യാപകരും സഹപാഠികളും പറയുന്നു. എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയിട്ടില്ലെന്നാണ് ഹോസ്റ്റലില്‍ ഒരുമിച്ച് താമസിച്ചിരുന്നവരും പോലീസിനോട് പറഞ്ഞിട്ടുള്ളത്. അടുത്ത മാസം ഹൗസ് സര്‍ജന്‍സി തീര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതുവരെയേ താമസിക്കാനുണ്ടാവു എന്ന് ഹോസ്റ്റലുമായി ബന്ധപ്പെട്ടവരോട് സൂചിപ്പിച്ചിരുന്നു. നാലുവര്‍ഷത്തെ കോളജ് പഠനകാലത്ത് മികച്ച വിദ്യാര്‍ഥിയായിരുന്നു മാനസയെന്ന് അധ്യാപകരും പറയുന്നു. ഒരു കനാല്‍ വീതി ദൂരത്തിനപ്പുറം കോളജിന് മുമ്പിലായി തന്നെ മുറിയെടുത്ത് താമസിച്ചിരുന്ന രാഖില്‍ മാനസയുടെ കൂട്ടുകാരികളുടെ ദൃഷ്ടിയില്‍പ്പെടാതെയാണ് കഴിഞ്ഞതെന്ന് വേണം കരുതാന്‍. മാനസയെ വകവരുത്താന്‍ മാത്രം രാഖിലിനെ പ്രേരിപ്പിച്ച ഘടകവും പോലീസ് അന്വേഷിക്കുന്നു.