മെഡിക്കല്‍ വിദ്യാര്‍ഥിനിയെ വെടിവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

കൊച്ചി- കോതമംഗലം നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന് യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ സ്വദേശി മാനസയാണ്  കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം നിറയൊഴിച്ച് മരിക്കുകയായിരുന്നു.

നെല്ലിക്കുഴിയിലെ ഇന്ദിര ഗാന്ധി ഡെന്റല്‍ കോളേജിലെ ഹൗസ് സര്‍ജനാണ് കണ്ണൂര്‍ നാറാത്ത് സ്വദേശിയായ മാനസ. കോളേജിന് സമീപത്തെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവര്‍. വെള്ളിയാഴ്ച ഉച്ചയോടെ രാഖില്‍ ഇവിടെയെത്തുകയും മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് വിവരം. കൃത്യം നടത്തിയ ശേഷം പ്രതി സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു.

രാഖില്‍ നേരത്തെയും മാനസയെ ശല്യപ്പെടുത്തിയിരുന്നതായാണ് സൂചന. ഇതു സംബന്ധിച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. സംഭവത്തില്‍ കോതമംഗലം പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്. രണ്ടു പേരുടെയും മൃതദേഹങ്ങള്‍ കോതമംഗലം മാര്‍ ബസേലിയസ് ആശുപത്രിയിലേക്ക് മാറ്റി.

 

Latest News