Sorry, you need to enable JavaScript to visit this website.

ഉപയോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങള്‍: സെലിബ്രിറ്റികള്‍ക്ക് പിഴ

റിയാദ് - സാമൂഹിക മാധ്യമങ്ങളിലൂടെ ഉപയോക്താക്കളെ കബളിപ്പിക്കുന്ന നിയമ വിരുദ്ധ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് നാലു സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്ക് 40,000 റിയാല്‍ തോതില്‍ ആകെ 1,60,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇവരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനങ്ങളും ഇതിനുള്ള ശിക്ഷകളും വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തി. നിയമ ലംഘനങ്ങള്‍ക്ക് സാമൂഹികമാധ്യമ സെലിബ്രിറ്റികളുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള ശിക്ഷകളും ആദ്യമായാണ് വാണിജ്യ മന്ത്രാലയം പരസ്യപ്പെടുത്തുന്നത്. നിയമ വിരുദ്ധ ഫോറെക്‌സ് പ്രവര്‍ത്തനത്തെ കുറിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ഇ-കൊമേഴ്‌സ് നിയമം ലംഘിച്ചതിനാണ് നാലു പേര്‍ക്കും വാണിജ്യ മന്ത്രാലയം പിഴകള്‍ ചുമത്തിയത്.
കുവൈത്തി പൗരന്‍ അഹ്‌മദ് അബ്ദുല്ല അല്‍സാലിം, ലെബനോനി യുവതി ലൈല ലൂയിസ് ഇസ്‌കന്ദര്‍, സൗദി പൗരന്‍ ഹബീബ് ബിന്‍ ഹമദ് അല്‍ഹബീബ്, തുര്‍ക്കി യുവതി നാസ്‌ലി ജാന്‍കോസ് എന്നിവര്‍ക്കാണ് ശിക്ഷ. ഇ-കൊമേഴ്‌സ് നിയമ ലംഘനങ്ങള്‍ പരിശോധിക്കുന്ന വാണിജ്യ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് നാലു പേര്‍ക്കുമുള്ള ശിക്ഷകള്‍ പ്രഖ്യാപിച്ചത്. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ക്കുള്ള ശിക്ഷകളും പരസ്യപ്പെടുത്താന്‍ കമ്മിറ്റി വിധിക്കുകയായിരുന്നു.

 

 

Latest News