കൊച്ചി- യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍. പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്‌സണ്‍, പിതാവ് പീറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. ഭാര്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കുകയും പട്ടിണിക്കിടുകയും മകളുടെ ദുരവസ്ഥ ചോദ്യം ചെയ്ത ഭാര്യാപിതാവിന്റെ കാലു തല്ലി ഒടിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
ജിപ്‌സന്റെ അമ്മ ജൂലി കേസിലെ മൂന്നാം പ്രതിയാണ്. ഇവരുടെ അറസ്റ്റും ഉടന്‍ ഉണ്ടായേക്കും. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന്‍ വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി നിലവിലെ കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഇന്ന് അറസ്റ്റ് നടന്നത്. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ സിബി ടോമാണ് വനിതാ കമ്മീഷനു മുന്നില്‍ ഹാജരായി വിശദീകരണം നല്‍കിയത്.
പരാതിയില്‍ കേസെടുത്ത് ഒരാഴ്ചയായിട്ടും പ്രതികളെ ചോദ്യം ചെയ്തിട്ടില്ലന്നും പ്രതികളുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്‍ കേസ് അട്ടിമറിക്കാന്‍ ഇടപെടുന്നതായും പീഡനത്തിനിരയായ പെണ്‍കുട്ടി ആരോപിച്ചിരുന്നു.