തിരുവനന്തപുരം- മന്ത്രി വി. ശിവന്‍കുട്ടിയടക്കമുള്ള നിയമസഭാ സാമാജികര്‍ പ്രതികളായ കൈയാങ്കളിക്കേസ് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (സി.ജെ.എം.) കോടതി ഓഗസ്റ്റ് ഒമ്പതിനു പരിഗണിക്കും. കേസ് പിന്‍വലിക്കണമെന്ന ആവശ്യം സുപ്രീംകോടതിയടക്കം തള്ളിയ സാഹചര്യത്തിലാണ് വീണ്ടും സി.ജെ.എമ്മിന്റെ പരിഗണനയില്‍വരുന്നത്.വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി, മുന്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, മുന്‍ എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, കെ. അജിത്, കെ. കുഞ്ഞഹമ്മദ് എന്നിവര്‍ നേരത്തേ സമര്‍പ്പിച്ച വിടുതല്‍ഹര്‍ജിയിലാകും കോടതി വാദംകേള്‍ക്കുക. സുപ്രീംകോടതി ഇതേ ആവശ്യം തള്ളിയ സാഹചര്യത്തില്‍ കീഴ്‌ക്കോടതിയില്‍നിന്ന് പ്രതികള്‍ക്കനുകൂലമായ നിലപാട് ഉണ്ടാകാനിടയില്ല. ഹര്‍ജി തള്ളിയാല്‍ പ്രതികള്‍ വിചാരണ നേരിടേണ്ടിവരും. പൊതുമുതല്‍ നശീകരണ നിരോധന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും അന്യായമായ കൈയേറ്റം, നാശനഷ്ടമുണ്ടാക്കല്‍, കുറ്റകൃത്യത്തില്‍ പങ്കാളികളാകുക എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. പ്രതികള്‍ ജാമ്യമെടുത്ത അവസരത്തില്‍ 2,13,786 രൂപ കോടതിയില്‍ കെട്ടിവെച്ചിരുന്നു.