റിയാദ്- 'നിശ്ശബ്ദ ഇരകൾ: ഇറാനും കുട്ടികളുടെ സൈനികവൽക്കരണവും' കൃതി പ്രകാശനം ചെയ്തു. റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇറാനിയൻ സ്റ്റഡീസ് പുറത്തിറക്കിയ കൃതിയാണിത്. കുട്ടികളെ സൈനികവൽക്കരിക്കുന്നതിലെ അനുഭവം തങ്ങളുടെ വിഭാഗീയ മിലീഷ്യകൾ വഴി യെമനിലും ഇറാഖിലും ലെബനോനിലും സിറിയയിലും ഇറാൻ നടപ്പാക്കി. തങ്ങളുടെ വിപുലീകരണ പദ്ധതിയും മേഖലയിൽ തങ്ങൾക്കുള്ള അഭിലാഷങ്ങളും വിനാശകരമായ പദ്ധതികളും നടപ്പാക്കാനും അരാജകത്വവും ഭീകരതയും പ്രചരിപ്പിക്കാനും അന്താരാഷ്ട്ര താൽപര്യങ്ങളെ ഭീഷണിപ്പെടുത്താനുമുള്ള ഉപകരണങ്ങളായി ഈ രാജ്യങ്ങളിലെ കുട്ടികളെ ഇറാൻ ഉപയോഗിക്കുകയാണ്.
ലക്ഷക്കണക്കിന് കുട്ടികളെ റിക്രൂട്ട് ചെയ്ത് സാമൂഹ്യ ഘടനക്കും പൗരസമാധാനത്തിനും കോട്ടംതട്ടിക്കാൻ അവരെ ഉപയോഗിക്കുന്നതും അട്ടിമറി നീട്ടിക്കൊണ്ടു പോകുന്നതും യുദ്ധം വിപുലീകരിക്കുന്നതും യുദ്ധമുന്നണിയിൽ നിഷ്‌കരുണം കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്നതും ഇറാന്റെ വിപുലീകരണ പദ്ധതിയും മേഖലയിൽ ഇറാനുള്ള മോഹങ്ങളും സാക്ഷാൽക്കരിക്കാൻ വേണ്ടിയാണ്. 'നിശ്ശബ്ദ ഇരകൾ: ഇറാനും മിഡിൽ ഈസ്റ്റിലെ കുട്ടികളുടെ സൈനികവൽക്കരണവും' എന്ന കൃതി തങ്ങളുടെ പദ്ധതി നടപ്പാക്കാനും തീവ്രവാദ ആശയങ്ങൾ രൂഢമൂലമാക്കാനും ഖുമൈനി വിപ്ലവത്തിനു ശേഷം കുട്ടികളെ സൈനികവൽക്കരിക്കുന്ന ഇറാൻ നയം തുറന്നു കാട്ടുന്നു. മനുഷ്യാവകാശ, ബാലസംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾക്കും വിദഗ്ധർക്കും അവലംബിക്കാവുന്ന റഫറൻസ് പുസ്തകമാണിത്. കുട്ടികൾക്കെതിരെ ഇറാൻ ഭരണകൂടവും അതിന്റെ വിഭാഗീയ മിലീഷ്യകളും നടത്തുന്ന വംശഹത്യ തടയാനും ഇതിൽ പങ്കുള്ളവരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കു മുന്നിൽ ഹാജരാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും മുഅമ്മർ അൽഇർയാനി ആവശ്യപ്പെട്ടു.
ഇറാൻ ആശയത്തിൽ കുട്ടികളുടെ സൈനികവൽക്കരണത്തിന് നൽകുന്ന പ്രാധാന്യം, കുട്ടികളെ സൈനികവൽക്കരിക്കുന്നതിനുള്ള ശൈലികൾ, കുട്ടികളുടെ സൈനികവൽക്കരണ ആശയം അംഗീകരിക്കുന്ന സ്ഥാപനങ്ങൾ, അറബ് രാജ്യങ്ങളിൽ ഇറാൻ മിലീഷ്യകൾ കുട്ടികളെ സൈനിക സംഘർഷങ്ങളിലേക്ക് തള്ളിവിടൽ എന്നിവയെല്ലാം 150 പേജുള്ള കൃതി വിശദീകരിക്കുന്നു.