Sorry, you need to enable JavaScript to visit this website.

സൗദി മുന്‍പ്രവാസിയുടെ മരണം കൊലപാതകം, പ്രതികള്‍ പിടിയില്‍

കൊല്ലപ്പെട്ട നാസർ, പിടിയിലായ പ്രതികള്‍

രാമപുരം- മക്കരപറമ്പ് സ്വദേശിയെ ഗുണ്ടല്‍പേട്ടയിലെ കൃഷിതോട്ടത്തിലെ കിണറ്റില്‍ ദുരൂഹ സഹചര്യത്തില്‍മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മക്കരപറമ്പ് പുണര്‍പ്പയിലെ പരേതനായ വെങ്കിട്ട നരിക്കോട്ടൂപ്പറമ്പിലെ മുഹമ്മദിന്റെ മകന്‍ അബ്ദുല്‍ നാസറി(56)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്.

 

കഴിഞ്ഞ ജൂലൈ രണ്ടിനു നടന്ന മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സ്ഥല ഉടമ വെങ്കിട്ട അബ്ദുല്‍ നാസറും ബന്ധുക്കളും ചേര്‍ന്ന് ഗുണ്ടല്‍പേട്ട പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസിന്റെ ചുരുളഴിഞ്ഞത്.
ഗുണ്ടല്‍പ്പേട്ടയിലെ കൃഷിതോട്ടത്തിന്റെ സമീപവാസികളായ സഹോദരന്മാരായ സുരേഷ് (60) ഗംഗാധരന്‍ (55) എന്നിവര്‍ ചേര്‍ന്ന് നാസറിന്റെ പിന്നില്‍ നിന്ന് തലക്കടിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളുകയായിരുന്നു. ജൂലൈ രണ്ടിനു ഉച്ചയോടെയാണ് കൃത്യം നടന്നത്.
കൃഷിതോട്ടത്തിലെ സൈ്വരവിഹാരവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ്
ആസൂത്രിത കൊലയിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസമാണ്
ഗുണ്ടല്‍പേട്ട പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി  റിമാന്റ് ചെയ്തു.
സൗദിയില്‍ ജോലി ചെയ്തിരുന്ന നാസര്‍ നാട്ടിലെത്തിയതിന് ശേഷം
കുടുംബ സുഹൃത്തിന്റെ ഗുണ്ടല്‍പ്പേട്ടയിലെ കൃഷിതോട്ടം നടത്തിപ്പുകാരനായിരുന്നു.
രണ്ട് മാസത്തിലധികമായി വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോയിട്ട്. എല്ലാ ദിവസവും കുടുംബവുമായി ബന്ധപെടാറുണ്ടായിരുന്നു. നാല് ദിവസത്തിലധികമായി വിവരങ്ങള്‍ ലഭ്യമാവാത്തതിനെ തുടര്‍ന്നുള്ളബന്ധുക്കളുടെ അന്വേഷണത്തിലാണ് കൃഷിതോട്ടത്തിലെ വിജനമായ സ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഗുണ്ടല്‍പേട്ട പോലീസ്
നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയായിരുന്നു.
പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാസറിന്റെ കുടുംബം.

 

Latest News