Sorry, you need to enable JavaScript to visit this website.

ലക്ഷക്കണക്കിന് കുട്ടികളെ  ഹൂത്തികൾ റിക്രൂട്ട് ചെയ്യുന്നു  -യെമൻ മന്ത്രി

'നിശ്ശബ്ദ ഇരകൾ... ഇറാനും മിഡിൽ ഈസ്റ്റിലെ കുട്ടികളുടെ സൈനികവൽക്കരണവും' എന്ന കൃതിയുടെ പ്രകാശന ചടങ്ങിൽ യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽഇർയാനി സംസാരിക്കുന്നു. 

റിയാദ് - ലക്ഷക്കണക്കിന് കുട്ടികളെ യുദ്ധമുന്നണിയിലേക്ക് ഹൂത്തി മിലീഷ്യകൾ റിക്രൂട്ട് ചെയ്യുന്നതായി യെമൻ ഇൻഫർമേഷൻ, സാംസ്‌കാരിക, ടൂറിസം മന്ത്രി മുഅമ്മർ അൽ ഇർയാനി പറഞ്ഞു. 'നിശ്ശബ്ദ ഇരകൾ: ഇറാനും മിഡിൽ ഈസ്റ്റിലെ കുട്ടികളുടെ സൈനികവൽക്കരണവും' എന്ന ശീർഷകത്തിൽ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷനൽ ഇൻസ്റ്റിറ്റിയൂട്ട് ഫോർ ഇറാനിയൻ സ്റ്റഡീസ് പുറത്തിറക്കിയ കൃതിയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഅമ്മർ അൽഇർയാനി. 


പത്തു മുതൽ പതിനേഴു വരെ വയസ്സ് പ്രായമുള്ള കുട്ടികളെ യുദ്ധമുന്നണിയിലേക്ക് ഹൂത്തികൾ റിക്രൂട്ട് ചെയ്യുന്ന പ്രവണത വ്യാപകമായിട്ടുണ്ട്. വേനൽക്കാല ക്യാമ്പുകളിലേക്കെന്ന വ്യാജേന വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും കുട്ടികളെ ബലം പ്രയോഗിച്ച് കൊണ്ടുപോയി ഹൂത്തികൾ ആയുധ പരിശീലനം നൽകുകയാണ്. മാനവ ചരിത്രത്തിൽ കുട്ടികളെ യുദ്ധമുന്നണിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏറ്റവും വലിയ ക്യാമ്പുകളാണിവ. 6,20,000 കുട്ടികളെ ഈ ക്യാമ്പുകളിൽ എത്തിച്ചതായി ഹൂത്തി നേതാവ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 


ആഗോള സമൂഹം ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയ ഹിസ്ബുല്ലയാണ് സഹായം ചെയ്യുന്നത്. ഇറാൻ വിദഗ്ധനായ, അൽഖുദ്‌സ് ബ്രിഗേഡ്‌സ് ഉദ്യോഗസ്ഥൻ ഹസൻ ഇർലു ആണ് ഈ ക്യാമ്പുകൾക്ക് മേൽനോട്ടം വഹിക്കുന്നത്. കുട്ടികളുടെ ദേശീയ, അറബ് സ്വത്വം ഇല്ലാതാക്കി വിദ്വേഷ സംസ്‌കാരം കുത്തിനിറച്ചും ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത തീവ്രവാദ വിഭാഗീയ ആശയങ്ങൾ നട്ടുവളർത്തിയും മസ്തിഷ്‌ക പ്രക്ഷാളനം നടത്തുകയാണ് ക്യാമ്പുകളിൽ വെച്ച് ചെയ്യുന്നത്. കുട്ടികളെ സൈനികവൽക്കരിക്കുന്നതിലെ അനുഭവം തങ്ങളുടെ വിഭാഗീയ മിലീഷ്യകൾ വഴി യെമനിലും ഇറാഖിലും ലബനോനിലും സിറിയയിലും ഇറാൻ നടപ്പാക്കി. 


തങ്ങളുടെ വിപുലീകരണ പദ്ധതിയും മേഖലയിൽ തങ്ങൾക്കുള്ള അഭിലാഷങ്ങളും വിനാശകരമായ പദ്ധതികളും നടപ്പാക്കാനും അരാജകത്വവും ഭീകരതയും പ്രചരിപ്പിക്കാനും അന്താരാഷ്ട്ര താൽപര്യങ്ങളെ ഭീഷണിപ്പെടുത്താനുമുള്ള ഉപകരണങ്ങളായി ഈ രാജ്യങ്ങളിലെ കുട്ടികളെ ഇറാൻ ഉപയോഗിക്കുകയാണ്. ലക്ഷക്കണക്കിന് കുട്ടികളെ റിക്രൂട്ട് ചെയ്ത് സാമൂഹ്യ ഘടനക്കും പൗരസമാധാനത്തിനും കോട്ടം തട്ടിക്കാൻ അവരെ ഉപയോഗിക്കുന്നതും അട്ടിമറി നീട്ടിക്കൊണ്ടുപോകുന്നതും യുദ്ധം വിപുലീകരിക്കുന്നതും യുദ്ധമുന്നണിയിൽ നിഷ്‌കരുണം കുട്ടികളെ മരണത്തിലേക്ക് തള്ളിവിടുന്നതും ഇറാന്റെ വിപുലീകരണ പദ്ധതിയും മേഖലയിൽ ഇറാനുള്ള മോഹങ്ങളും സാക്ഷാൽക്കരിക്കാൻ വേണ്ടിയാണ്. 'നിശ്ശബ്ദ ഇരകൾ: ഇറാനും മിഡിൽ ഈസ്റ്റിലെ കുട്ടികളുടെ സൈനികവൽക്കരണവും' എന്ന കൃതി തങ്ങളുടെ പദ്ധതി നടപ്പാക്കാനും തീവ്രവാദ ആശയങ്ങൾ രൂഢമൂലമാക്കാനും ഖുമൈനി വിപ്ലവത്തിനു ശേഷം കുട്ടികളെ സൈനികവൽക്കരിക്കുന്ന ഇറാൻ നയം തുറന്നു കാട്ടുന്നു. 


 

Latest News