റിയാദ് - സൗദിയിൽ ടൂറിസം കമ്പനികളുടെ എണ്ണം ഒന്നരയിരട്ടിയായി വർധിച്ചു. ഒരു വർഷത്തിനിടെ സൗദി ടൂറിസം പ്രോഗ്രാമുകളിൽ പങ്കാളിത്തം വഹിക്കുന്ന ടൂറിസം കമ്പനികളുടെ എണ്ണം ഒന്നരയിരട്ടി വർധിച്ചതായി സൗദി ടൂറിസം അതോറിറ്റിയാണ് അറിയിച്ചത്.
വിദേശ ടൂറിസത്തിനുള്ള ആവശ്യം കുറയുകയും ആഭ്യന്തര വിനോദ സഞ്ചാരത്തിന് ആവശ്യം വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ വ്യത്യസ്തതയാർന്ന വിനോദ പരിപാടികൾക്കുള്ള വർധിച്ച ആവശ്യവുമായി ഒത്തുപോകുന്ന നിലയ്ക്കാണ് നിരവധി കമ്പനികൾ ടൂറിസം പ്രോഗ്രാമുകളിൽ പങ്കാളിത്തം ആരംഭിച്ചത്. തനഫസ് എന്നു പേരിട്ട കഴിഞ്ഞ വർഷത്തെ വേനൽക്കാല ടൂറിസം സീസണിൽ 100 കമ്പനികളാണ് പങ്കാളിത്തം വഹിച്ചിരുന്നത്. ഇക്കഴിഞ്ഞ ശൈത്യകാല സീസൺ ടൂറിസം പ്രോഗ്രാമുകളിൽ പങ്കാളിത്തം വഹിച്ച കമ്പനികളുടെ എണ്ണം 200 ആയി ഉയർന്നു. ഈ വേനൽക്കാലത്ത് ടൂറിസം പ്രോഗ്രാമുകളിൽ പങ്കാളിത്തം വഹിക്കുന്ന കമ്പനികളുടെ എണ്ണം 250 ലേറെ ആയി ഉയർന്നു. ഇതിൽ ചില കമ്പനികൾ പുതുതായി പ്രവർത്തനം തുടങ്ങിയവയാണ്.
കഴിഞ്ഞ ശൈത്യ കാലത്ത് ടൂറിസം കമ്പനികൾ 300 ടൂർ പാക്കേജുകളാണ് നടപ്പാക്കിയത്. ഈ വേനൽക്കാലത്ത് ടൂർ പാക്കേജുകളുടെ എണ്ണം 500 ലേറെയായി ഉയർന്നു. സൗദി അറേബ്യയുടെ ആധികാരിക സ്വത്വം രൂഢമൂലമാക്കാനും സ്വാഗതത്തിന്റെയും ആതിഥ്യ മര്യാദയുടെയും വികാരങ്ങൾ പ്രകടിപ്പിക്കാനും ലക്ഷ്യമിട്ട് ടൂറിസം അനുഭവങ്ങൾക്ക് പ്രചോദനമേകുന്ന 'കിറാം' പദ്ധതിയിൽ ഏഴായിരത്തോളം സൗദി യുവാക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിഷൻ 2030 പദ്ധതിയിലെ പ്രധാന ലക്ഷ്യമാണ് ടൂറിസം മേഖലാ വികസനമെന്ന് തായിഫ് യൂനിവേഴ്‌സിറ്റി ബിസിനസ് മാനേജ്‌മെന്റ് പ്രൊഫസർ ഡോ. ജംആൻ അൽ സഹ്‌റാനി പറഞ്ഞു.
വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ടൂറിസം വ്യവസായത്തിന്റെയും ടൂറിസം സ്ഥാപനങ്ങളുടെയും വളർച്ചക്ക് സൗദി ടൂറിസം അതോറിറ്റി പ്രശംസനീയമായ ശ്രമങ്ങളാണ് നടത്തുന്നത്. കൊറോണ മഹാമാരി ടൂറിസം മേഖലാ സ്ഥാപനങ്ങളെ പൊതുവിൽ ബാധിച്ചു. ടൂറിസ്റ്റുകൾക്ക് വൈവിധ്യമാർന്ന സേവനങ്ങളും ഉൽപന്നങ്ങളും നൽകുന്നതിൽ വഹിക്കുന്ന പങ്കിന് അനുസൃതമായി ടൂറിസം മേഖലാ സ്ഥാപനങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ട്.
ടൂറിസം സ്ഥാപനങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായും ഡോ. ജംആൻ അൽസഹ്‌റാനി പറഞ്ഞു. വൻകിട പദ്ധതികൾ മുതൽ മൈക്രോ പദ്ധതികൾ വരെയുള്ള സ്ഥാപനങ്ങളുടെ വിജയത്തിന് ടൂറിസം പ്രോഗ്രാമുകളും പദ്ധതികളും വളരെ പ്രധാനമാണെന്ന് തായിഫ് ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ഗാസി അൽഖുഥാമി പറഞ്ഞു.
വൈവിധ്യമാർന്ന ടൂറിസം പ്രോഗ്രാമുകളുടെ ഫലമായി ടൂറിസം സേവനങ്ങൾക്കുള്ള ആവശ്യം വർധിച്ചത് സ്വന്തം പദ്ധതികൾ ആരംഭിക്കാൻ സംരംഭകരെ സഹായിച്ചു. സാമൂഹിക വികസന ബാങ്കുമായി സഹകരിച്ച് തായിഫ് ചേംബർ ആരംഭിച്ച പദ്ധതി 163 സംരംഭകർക്ക് പ്രയോജനപ്പെട്ടു. പദ്ധതി വഴി ഇവർക്ക് ആകെ 65 ലക്ഷത്തിലേറെ റിയാലിന്റെ ലഘു വായ്പകൾ അനുവദിച്ചു.
സ്വയം തൊഴിൽ പദ്ധതികൾ നടപ്പാക്കുന്ന കുടുംബങ്ങളുടെ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിന് വെർച്വൽ ബസാറും തായിഫ് ചേംബർ ആരംഭിച്ചിട്ടുണ്ട്. അമ്പതോളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നതായി ഗാസി അൽഖുഥാമി പറഞ്ഞു. വിനോദ സഞ്ചാര നിക്ഷേപ അന്തരീക്ഷത്തിന്റെ ആകർഷണീയത വർധിപ്പിച്ച് എല്ലാ മേഖലകളിലും ടൂറിസം വളർച്ച വേഗം കൈവരിച്ചു കൊണ്ടിരിക്കുകയാണെന്ന് വ്യവസായ പ്രമുഖൻ ഖാലിദ് അൽസവാത് പറഞ്ഞു. വൈവിധ്യങ്ങൾ, വിശാലമായ പ്രദേശങ്ങൾ, ഭൂമിശാസ്ത്രപരമായ സ്ഥാനം, ആഗോള തലത്തിൽ സൗദി അറേബ്യക്കുള്ള നില എന്നിവയെല്ലാം ടൂറിസം മേഖലാ വളർച്ചക്ക് സഹായിക്കുന്ന ഘടകങ്ങളാണെന്നും ഖാലിദ് അൽസവാത് പറഞ്ഞു.