മക്ക - വിശുദ്ധ ഹറം വികസന പദ്ധതി നിർമാണ ജോലികൾ പുനരാരംഭിച്ചു. ഹറമിൽ നടപ്പാക്കുന്ന മൂന്നാമത് സൗദി വികസന പദ്ധതിയുടെ ഭാഗമായ നിർമാണ ജോലികൾ നടത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് 60 ലൈസൻസുകൾ കരാറുകാരൻ നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഹജ് സീസണിൽ ഹാജിമാരെയും വിശ്വാസികളെയും ഉൾക്കൊള്ളുന്നതിന് വികസന പദ്ധതി പ്രദേശങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെന്നും 5,19,149 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള പ്രദേശങ്ങളിലാണ് വികസന പദ്ധതികൾ നടപ്പാക്കുന്നതെന്നും ഹറംകാര്യ വകുപ്പിനു കീഴിലെ പദ്ധതി, എൻജിനീയറിംഗ് പഠനകാര്യ വിഭാഗം അറിയിച്ചു. കിംഗ് അബ്ദുല്ല വികസന പദ്ധതി ഭാഗം, മതാഫ് കോംപ്ലക്‌സ് വികസനം എന്നിവ അടക്കമുള്ള പ്രദേശങ്ങളാണ് ഹജ് കാലത്ത് പ്രയോജനപ്പെടുത്തിയത്. വിശുദ്ധ ഹറമിലെ പ്രധാന കവാടങ്ങളായ കിംഗ് അബ്ദുൽ അസീസ് കവാടം, അൽഉംറ ഗെയ്റ്റ്, അൽഫതഹ് കവാടം എന്നിവ അടക്കമുള്ള ഭാഗങ്ങളിലാണ് വികസന പദ്ധതി ജോലികൾ പുനരാരംഭിച്ചതെന്നും ഹറംകാര്യ വകുപ്പിനു കീഴിലെ പദ്ധതി, എൻജിനീയറിംഗ് പഠനകാര്യ വിഭാഗം പറഞ്ഞു.