കൊച്ചി- നവമാധ്യമങ്ങളിലൂടെ കുട്ടികളെ ചൂഷണം ചെയ്യുന്ന സംഘം പിടിയില്‍. സംഘത്തെ പള്ളിക്കല്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. പള്ളിക്കലില്‍ 15 വയസ്സുകാരി കെണിയില്‍ അകപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി വാങ്ങി കൊടുത്ത ഫോണ്‍ വഴിയാണ് സംഘം പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചത്.
ഫേ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടെയാണു സംഘം പെണ്‍കുട്ടികളുടെ നമ്പറുകള്‍ കരസ്ഥമാക്കുന്നതെന്ന് കേരളാ പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്പോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണമെന്ന് പോലീസ് മുന്നറിയിപ്പു നല്‍കി.
കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണ്. ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍നിന്നും സാമൂഹികമാധ്യമങ്ങളില്‍നിന്നും നമ്പരുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നത്. മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന കണ്ടെത്തലിന്റെ പുറത്ത് ഇത്തരം ഗ്രൂപ്പുകള്‍ സൈബര്‍ വിംഗിന്റെ നിരീക്ഷണത്തിലാണ് പോലീസ് പറയുന്നു.
കഴിഞ്ഞ ദിവസം പള്ളിക്കല്‍ പോലീസ് അറസ്റ്റുചെയ്ത സംഘത്തില്‍നിന്ന് പോലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് അവയുടെ അഡ്മിന്‍മാരുള്‍പ്പെടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്പരുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നത്. പിന്നീട് നമ്പരുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. ഈ നമ്പരുകള്‍ വഴി പെണ്‍കുട്ടികളെ ചൂഷണം ചെയ്ത് പീഡനത്തിനുവരെ സംഘങ്ങള്‍ ഇരയാക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍.
ഗ്രൂപ്പുകളില്‍ അംഗങ്ങളായവരില്‍ ഭൂരിഭാഗവും ലഹരിയുപയോഗത്തിന് അടിമകളാണ്. മനോനില തകരാറിലായതും അക്രമവാസന പുലര്‍ത്തുന്നതുമായ നിലയിലാണ് ഇവരുടെ പെരുമാറ്റവും, സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന സന്ദേശങ്ങളും. വ്യത്യസ്ത ജില്ലകളില്‍ നിന്നുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങളില്‍ പലരും. രഹസ്യസന്ദേശങ്ങള്‍ കൈമാറുന്നതിന് കോഡ് ഭാഷകള്‍ ഇവര്‍ ഉപയോഗിക്കുന്നുണ്ട് കേരളാ പോലീസ് മുന്നറിയിപ്പില്‍ പറയുന്നു.