ജിദ്ദ- പ്രവാസികളുടെ കോവിഡ് മരണം സംബന്ധിച്ച അവഗണനക്കെതിരെ മലപ്പുറം ജില്ലാ കെ.എം.സി.സി നിയമ നടപടിയിലേക്ക്.
കോവിഡ് മഹാമാരി മൂലം വിദേശത്ത് മരിച്ചവരുടെ ആശ്രിതർക്ക് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് 12/05/2020 ന് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം EPTN 5949/2020 നമ്പറായി രജിസ്റ്റർ ചെയ്ത് തുടർ നടപടികൾക്കായി നോർക്ക പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഫോർവേഡ് ചെയ്യുകയും, എന്നാൽ പിന്നീട് നടത്തിയ ഫോളോ അപ്പുകൾക്ക് ശേഷവും യാതൊരു തുടർ നടപടികളും ഇല്ലാത്തതിനാൽ നിയമ നടപടികളുമായി മുന്നോട്ടു പോകുന്നതിന് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ഓൺലൈനിൽ കൂടിയ എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. പ്രസ്തുത വിഷയം നിയമസഭയിൽ അവതരിപ്പിക്കുന്നതിന് തയാറായ കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹിമിനെ പ്രസിഡന്റ് ഗഫൂർ പട്ടിക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിനന്ദിച്ചു.
സംസ്ഥാന സർക്കാർ യാതൊരു തത്വദീക്ഷയുമില്ലാതെ നടപ്പിൽ വരുത്തുന്ന കോവിഡ് നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുന്നത് ഇടത്തരം പ്രവാസി കുടുംബങ്ങളെയാണെന്നും, ഇന്ത്യയുൾപ്പെടെയുള്ള കോവിഡ് രൂക്ഷമായ രാജ്യങ്ങളിൽ നിന്നും സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് അനുവദിക്കാത്തതിനാൽ സൗദി പ്രവാസികളുടെ മടക്കയാത്ര വളരെ ചെലവേറിയതായി മാറിയിരിക്കുകയാണ്. ഇത്തരം ഭാരിച്ച യാത്രാ ചെലവ് വഹിക്കാൻ സാധാരണ പ്രവാസികൾക്ക് സാധ്യമല്ലാത്തതിനാൽ, അവരുടെ മടക്കയാത്രയ്ക്ക് സഹകരണ ബാങ്കുകൾ പലിശ രഹിത യാത്രാ വായ്പ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സച്ചാർ കമ്മിറ്റി ശുപാർശകൾ നടപ്പാക്കുന്നതിൽ കേരള സർക്കാർ വരുത്തിയത് ഗുരുതര വീഴ്ചയാണെന്നും, അവകാശങ്ങൾ തിരിച്ച് പിടിക്കുന്നതിനായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചെയർമാനായി രൂപീകൃതമായ സച്ചാർ സംരക്ഷണ സമിതി ഓഗസ്റ്റ് മൂന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് ധർണയ്ക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ജില്ലയിൽനിന്ന് എസ്എസ്എൽസി പരീക്ഷക്ക് ഉന്നത വിജയം നേടിയ മുഴുവൻ പേരെയും യോഗം അഭിനന്ദിക്കുകയും, വിജയിച്ച മുഴുവൻ പേർക്കും തുടർ പഠനത്തിന് അതത് സ്‌കൂളുകളിൽ തന്നെ സാധ്യമാകുന്ന തരത്തിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ നയം രൂപപ്പെടുത്തണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.അവർക്കും തുടർ പഠനത്തിന് സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർമാൻ ബാബു നഹ്ദി, മറ്റു ഭാരവാഹികളായ ജുനൈസ് കെ.ടി, സീതി കൊളക്കാടൻ, സാബിൽ മമ്പാട്, നാസർ കാടാമ്പുഴ, അശ്‌റഫ് വി.വി, സുൽഫിക്കർ ഒതായി എന്നിവർ സംസാരിച്ചു.