റിയാദ് - ഇക്കഴിഞ്ഞ മെയ് മാസത്തിൽ സൗദി അറേബ്യയുടെ കയറ്റുമതിയിൽ ഇരട്ടിയിലേറെ വളർച്ച രേഖപ്പെടുത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് അറിയിച്ചു. മെയിൽ 8,220 കോടി റിയാലിന്റെ ഉൽപന്നങ്ങളാണ് സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. 2020 മെയ് മാസത്തിൽ കയറ്റുമതി 3,730 കോടി റിയാൽ മാത്രമായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയിൽ കയറ്റുമതി 120.1 ശതമാനം തോതിൽ വർധിച്ചു.
മെയ് മാസത്തിൽ എണ്ണ കയറ്റുമതി വരുമാനം 147 ശതമാനം തോതിൽ വർധിച്ചു. മെയ് മാസത്തിൽ 7,320 കോടി റിയാലിന്റെ എണ്ണയാണ് കയറ്റി അയച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മേയിൽ എണ്ണ കയറ്റുമതി വരുമാനത്തിൽ 3,580 കോടി റിയാലിന്റെ വർധന രേഖപ്പെടുത്തി. കൊറോണ വ്യാപനത്തോടൊപ്പം ആഗോള വിപണിയിൽ എണ്ണ വില കൂപ്പുകുത്തിയത് കഴിഞ്ഞ വർഷം മെയ് മാസത്തിൽ എണ്ണ വരുമാനം കുത്തനെ കുറയാൻ ഇിടയാക്കി. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മെയ് മാസത്തിൽ എണ്ണ വില ഏറെ മെച്ചപ്പെട്ടിരുന്നു. മെയ് മാസത്തിൽ വിദേശ വ്യാപാരം 126 ബില്യൺ റിയാലാണ്. മേയിൽ വിദേശ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ സൗദി അറേബ്യ 3,776 കോടി റിയാൽ വാണിജ്യ മിച്ചം നേടി.
മേയിൽ ഇറക്കുമതി 20.3 ശതമാനം തോതിലും വർധിച്ചു. സൗദി അറേബ്യ മെയ് മാസത്തിൽ 4,440 കോടി റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തു. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇറക്കുമതി 3,690 കോടി റിയാലായിരുന്നു. കഴിഞ്ഞ വർഷം കൊറോണ വ്യാപനം കയറ്റുമതിയെയും ഇറക്കുമതിയെയും കാര്യമായി ബാധിച്ചിരുന്നു.
ഇക്കഴിഞ്ഞ മെയ് മാസത്തിൽ സൗദി അറേബ്യ ഏറ്റവുമധികം ഉൽപന്നങ്ങൾ കയറ്റി അയച്ചത് ചൈനയിലേക്കാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് ജപ്പാനും നാലാം സ്ഥാനത്ത് ദക്ഷിണ കൊറിയയും അഞ്ചാം സ്ഥാനത്ത് അമേരിക്കയുമാണ്. മേയിൽ ഏറ്റവുമധികം ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്തതും ചൈനയിൽ നിന്നാണ്. രണ്ടാം സ്ഥാനത്ത് അമേരിക്കയും മൂന്നാം സ്ഥാനത്ത് യു.എ.ഇയും നാലാം സ്ഥാനത്ത് ജർമനിയും അഞ്ചാം സ്ഥാനത്ത് ഇന്ത്യയുമാണ്.
ചൈനയിലേക്ക് 1,760 കോടി റിയാലിന്റെയും ഇന്ത്യയിലേക്ക് 760 കോടി റിയാലിന്റെയും ജപ്പാനിലേക്ക് 610 കോടി റിയാലിന്റെയും ദക്ഷിണ കൊറിയയിലേക്ക് 580 കോടി റിയാലിന്റെയും അമേരിക്കയിലേക്ക് 520 കോടി റിയാലിന്റെയും ഉൽപന്നങ്ങളാണ് മെയ് മാസത്തിൽ സൗദി അറേബ്യ കയറ്റി അയച്ചത്. ഇതേ മാസം ചൈനയിൽ നിന്ന് 810 കോടി റിയാലിന്റെയും അമേരിക്കയിൽ നിന്ന് 460 കോടി റിയാലിന്റെയും യു.എ.ഇയിൽ നിന്ന് 420 കോടി റിയാലിന്റെയും ജർമനിയിൽ നിന്ന് 270 കോടി റിയാലിന്റെയും ഇന്ത്യയിൽ നിന്ന് 200 കോടി റിയാലിന്റെയും ഉൽപന്നങ്ങൾ സൗദിയിലേക്ക് ഇറക്കുമതി ചെയ്തതായും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകൾ വ്യക്തമാക്കുന്നു.