Sorry, you need to enable JavaScript to visit this website.

ഔഷധ മേഖലയിൽ സൗദിവൽക്കരണം സജീവ പരിഗണനയിൽ -വ്യവസായ മന്ത്രി

ബന്ദർ അൽഖുറൈഫ്

റിയാദ് - ഫാർമസ്യൂട്ടിക്കൽസ് മേഖലയിൽ സൗദിവൽക്കരണത്തിന് വലിയ ശ്രമങ്ങൾ നടക്കുന്നതായും ഇക്കാര്യത്തിൽ വ്യക്തമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും വ്യവസായ മന്ത്രി ബന്ദർ അൽഖുറൈഫ് വെളിപ്പെടുത്തി. മരുന്നുകളുടെയും മെഡിക്കൽ വസ്തുക്കളുടെയും നിർമാണ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് സൗദി പൗരന്മാർ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയിൽ സൗദിവൽക്കരണത്തിന് വലിയ ശ്രമങ്ങൾ നടത്തുന്നതായി വ്യവസായ മന്ത്രി വെളിപ്പെടുത്തിയത്. 
ഏറെ പ്രധാനമായ ഈ മേഖലയിൽ സദിവൽക്കരണം നടപ്പാക്കാൻ ഫാർമസ്യൂട്ടിക്കൽസ് കമ്പനികളുമായും പ്രാദേശിക, വിദേശ നിക്ഷേപകരുമായും വ്യവസായ മന്ത്രാലയം സഹകരിക്കുന്നതായി വകുപ്പ് മന്ത്രി പറഞ്ഞു. ദേശീയ വ്യവസായ തന്ത്രത്തിലും സൗദിവൽക്കരണ തന്ത്രത്തിലും മുൻഗണന കൽപിക്കപ്പെടുന്ന മേഖലയാണ് ഫാർമസ്യൂട്ടിക്കൽസ് മേഖലയെന്നും ബന്ദർ അൽഖുറൈഫ് പറഞ്ഞു. 
സൗദി യുവതീയുവാക്കൾക്ക് അനുയോജ്യമായ തൊഴിലവസരങ്ങൾ ലഭ്യമാക്കണമെന്നും അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്നും മെയ്ഡ് ഇൻ സൗദി അറേബ്യ പ്രോഗ്രാം പങ്കാളികളോട് വ്യവസായ മന്ത്രി നേരത്തെ ആവശ്യപ്പെട്ടിരുന്നു. കയറ്റുമതി മേഖലയിൽ പ്രത്യേക വൈദഗ്ധ്യമുള്ള സൗദി മാനവശേഷി സൃഷ്ടിക്കാനും സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനും പങ്കാളികളുമായി സഹകരിച്ച് വ്യവസായ മന്ത്രാലയം പ്രവർത്തിക്കുകയാണ്. പ്രൊമോഷൻ, മാർക്കറ്റിംഗ്, ലോജിസ്റ്റിക് സർവീസ്, ഇൻഷുറൻസ്, ഫിനാൻസ് അടക്കം കയറ്റുമതി മേഖലയിലെ സുപ്രധാന രംഗങ്ങളിൽ സ്വദേശികളുടെ കഴിവുകൾ പരിപോഷിപ്പിക്കാനാണ് ശ്രമമെന്നും വ്യവസായ മന്ത്രി പറഞ്ഞു. 

Latest News