കോഴിക്കോട്- കേരളത്തിൽനിന്ന് സൗദിയിലേക്ക് പോകാൻ ഖത്തർ വഴി യാത്ര തിരിക്കുന്നവർ ഒരു കാരണവശാലും 5300ന്റെ ഖത്തർ റിയാലോ, തത്തുല്യമായ തുകയ്ക്കുള്ള ഡോളറോ, ഇത്രയും തുകയുടെ ട്രാൻസാക്ഷൻ ശേഷിയുള്ള ഇന്റർനാഷണൽ ക്രഡിറ്റ് കാർഡോ കൈവശം വെക്കാൻ മറക്കരുതെന്ന് അനുഭവസ്ഥർ. ചൊവ്വാഴ്ചയും കരിപ്പൂർ വിമാനതാവളം വഴി ഖത്തറിലേക്ക്് യാത്ര തിരിക്കാനെത്തിയ ചിലരുടെ യാത്ര മുടങ്ങിയതിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 300 റിയാലിന്റെ കുറവു മാത്രമുള്ളതിനാൽ ഒരാളുടെ യാത്ര മുടങ്ങി. ഖത്തർ റിയാലിന് സമാനമായ സൗദി റിയാൽ കൈവശം വെച്ചിട്ടും കാര്യമില്ല. ഖത്തർ റിയാലോ, ഡോളറോ ഇന്റർനാഷണൽ ക്രഡിറ്റ് കാർഡോ കൈവശം ഉണ്ടായിരിക്കണം. കേരളത്തിൽനിന്ന് പുറപ്പെടുന്ന വിമാനതാവളത്തിലും ഖത്തറിലെത്തിയാലും തുക കാണിച്ചുകൊടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നത്. ഏതെങ്കിലും കൗണ്ടറിൽനിന്ന് ചില ഘട്ടങ്ങളിൽ തുക ചോദിക്കാറില്ല. എന്നാൽ ഇത് പൊതുവായി കണ്ട് യാത്ര ചെയ്യരുത് എന്നാണ് കഴിഞ്ഞ ദിവസങ്ങളിലായി യാത്ര ചെയ്തവർ വ്യക്തമാക്കുന്നത്. കരിപ്പൂർ വിമാനതാവളത്തിലെ മണി എക്‌സേഞ്ച് ഓഫീസിൽ ചൊവ്വാഴ്ച ഖത്തർ റിയാലിന് വൻ ഡിമാന്റായിരുന്നു. ഇവിടെ പണം തികയാതെ വന്നെന്നും ഒരു യാത്രക്കാരൻ പറയുന്നു. ഖത്തർ വിമാനതാവളത്തിൽ എത്തിയാൽ ഉടൻ 300 റിയാലിന്റെ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഇതിന് ശേഷമാണ് അയ്യായിരം റിയാൽ കൈവശം വേണ്ടത്.