പാലക്കാട്- ആലത്തൂര്‍ എം.പി രമ്യ ഹരിദാസിനെതിരെ അശ്ലീല പ്രചാരണം നടത്തുന്നതിനെതിരെ നടന്‍ ഹരീഷ് പേരടി. രമ്യയും കൂട്ടരും കാണിച്ചത് തെമ്മാടിത്തരമാണെങ്കിലും അതിനെതിരെ സ്ത്രീവിരുദ്ധ-ദളിത് വിരുദ്ധ പ്രചാരണം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
രമ്യയും, ബലറാമും കൂട്ടുകാരും കാണിച്ചത് തെമ്മാടിത്തരമാണ്. അതിനെ എതിര്‍ക്കാന്‍ ഇത്തരം വാക്കുകള്‍ നിറഞ്ഞ ബോര്‍ഡുകള്‍ പ്രചരിപ്പിക്കുന്നത് അതിനേക്കാള്‍ വലിയ തെമ്മാടിത്തരമാണ്. പക്ക സ്ത്രീ വിരുദ്ധതയും ദളിത് വിരുദ്ധതയുമാണ്. ജയിക്കാന്‍ വേണ്ടി എന്തും പറയാന്‍ തയാറാവുന്നത് ഇടതുപക്ഷ വിരുദ്ധതയുമാണ്. ഇടതുപക്ഷ പ്രൊഫൈലുകളില്‍നിന്ന് പ്രചരിക്കുന്നതാണ് എന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഉറപ്പിച്ച് പറയുന്നത്.
കഴിഞ്ഞ ദിവസമാണ് രമ്യയും ബല്‍റാമും അടങ്ങുന്ന സംഘം ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതായി ആരോപിച്ച് ദൃശ്യങ്ങള്‍ പുറത്ത് വന്നത്. സംഭവത്തില്‍ ഇവര്‍ക്കെതിരെ സി.പി.എമ്മും ബി.ജെ.പിയും പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പാഴ്‌സലിനായി കാത്തു നില്‍ക്കുകയായിരുന്നുവെന്നും മഴയായതിനാലാണ് ഹോട്ടലില്‍ കയറിയിരുന്നതെന്നുമാണ് രമ്യയുടെ വാദം. യുവാവ് കൈയില്‍ കയറിപ്പിടിച്ചെന്ന ആരോപണവുമായി രമ്യയും രംഗത്തെത്തിയിരുന്നു.