Sorry, you need to enable JavaScript to visit this website.

ഒടുവില്‍ ആ കോടിപതിയെ കണ്ടെത്തി; തിരുവള്ളൂരിലെ കോണ്‍ക്രീറ്റ് ജോലിക്കാരന്‍

വടകര- കാണാമറയത്തായിരുന്ന ആ കോടിപതി ഒടുവില്‍ പുറത്ത് വന്നു. വിഷു ബംബര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചത് വടകര വില്‍പ്പന നടത്തിയ ടിക്കറ്റിനാണെന്നല്ലാതെ ആര്‍ക്കാണെന്ന് ഇതു വരെ മനസിലായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച നറുക്കെടുപ്പ് നടന്നപ്പോള്‍ തിരുവള്ളൂരിലെ ഒരു പച്ചക്കറി വ്യാപാരിയായ യുവാവിനാണ് ലഭിച്ചെതെന്നാണ് ആദ്യം പ്രചരിച്ചത്. എന്നാല്‍ തനിക്ക് സമ്മാനം  ലഭിച്ചിട്ടില്ലെന്ന് ആ യുവാവ് തറപ്പിച്ചു പറഞ്ഞതോടെ സമൂഹ മാധ്യമങ്ങളില്‍ പലരുടേയും വിവരങ്ങളാണെത്തിയത്. എന്നാല്‍ അവരൊന്നുമല്ലെന്ന് വ്യക്തമായി. ഒടുവില്‍  തിരുവള്ളൂരിലെ മറ്റൊരാള്‍ക്കാണ് ലഭിച്ചതെന്നായി വിവരം. തിരുവള്ളൂര്‍-കണ്ണമ്പത്ത് കര റോഡിലെ തറേമ്മല്‍ മുക്കിലെ തറോപ്പൊയില്‍ ഷിജുവി(39)നാണ് 10 കോടി ലഭിച്ചതെന്നാണ് അറിവായത്. നറുക്കെടുപ്പിന്റെ തലേ ദിവസമാണ്  ടിക്കറ്റെടുത്തതെന്ന് ഷിജു പറഞ്ഞു.  നേരത്തെ പലരുടേയും പേരുകള്‍ ശക്തമായ പ്രചരിച്ചതിനാല്‍ ഷിജു തന്റെ ടിക്കറ്റ് പരിശോധിച്ചിരുന്നില്ല.കോണ്‍ക്രീറ്റ് ജോലിക്കാരനായ ഷിബു സ്ഥിരമായി ലോട്ടറി ടിക്കറ്റെടുക്കുന്ന ആളാണ്. ചെറിയ സമ്മാനങ്ങള്‍ നേരത്തെ പലപ്പോഴായി ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഒന്നാം സമ്മനം ലഭിച്ച ടിക്കറ്റ് വടകര കനറാ ബേങ്കില്‍ തുടര്‍ നടപടികള്‍ക്കായി നല്‍കിയതായി ഷിജു പറഞ്ഞു.
പണം കിട്ടട്ടെ ബാക്കി പിന്നെ പറയാം- ഷിബു പറയുന്നു.
 വടകര പുതിയ സ്റ്റാന്റിലെ ബി കെ ഏജന്‍സിയില്‍ നിന്നാണ് ഈ ടിക്കറ്റ് വില്‍പ്പന നടത്തിയത്. പ്രാദേശിക വിതരണക്കാരനില്‍ നിന്നാണ് ഷിജു ടിക്കറ്റെടുത്തത്. ജില്ലയില്‍ ആദ്യമായാണ് ഇത്രയും വലിയ തുക ലഭിക്കുന്നതെന്ന് ബി കെ ലോട്ടറി ഏജന്‍സി ഉടമ ബി കെ ബാലകൃഷ്ണന്‍ പറഞ്ഞു.

 

 

Latest News