കോഴിക്കോട്- മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെക്കൂടി വഹാബ് പക്ഷത്തേക്ക് കൊണ്ടുവന്ന് ഐ.എന്‍.എല്ലിലെ പ്രശ്‌നം പരിഹരിക്കാന്‍ നീക്കം. കാസിം ഇരിക്കൂറിനെ നീക്കും. മൂന്നാം തിയതി ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗം ഐ.എന്‍.എല്ലിന് നിര്‍ണായകമാണ്. യോഗത്തില്‍ പങ്കെടുത്തില്ലെങ്കില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെതിരെ നടപടിയുണ്ടാവുമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന അധ്യക്ഷന്‍ എ പി അബ്ദുള്‍ വഹാബ് പറഞ്ഞു. മൂന്നിന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ ഐ.എന്‍.എല്ലിന്റെ ഭാവിയെപ്പറ്റിയുള്ള തീരുമാനങ്ങള്‍ ഉണ്ടാവും.
കാസിംപക്ഷത്ത് തന്നെ തുടരണമോയെന്ന് അഹമ്മദ് ദേവര്‍കോവിലാണ് തീരുമാനിക്കേണ്ടതെന്നും അബ്ദുല്‍ വഹാബ് പറഞ്ഞു.
പരസ്യമായ ചേരിപ്പോര് അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരം കാണണമെന്ന് സി.പി.എം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മൂന്നാം തിയതി യോഗം ചേരുന്നത്. യോഗത്തില്‍ കാസിം ഇരിക്കൂറിനെ ജനറല്‍ സെക്രട്ടറി പദവിയില്‍നിന്ന് മാറ്റണമെന്ന നിലപാടില്‍ വഹാബ് പക്ഷം ഉറച്ചുനില്‍ക്കും. മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനെ വഹാബ് പക്ഷത്തേക്ക് കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് സി.പി.എം നിര്‍ദേശം.
കാസിം ഇരിക്കൂര്‍പക്ഷം വിട്ടുവരാന്‍ അഹമ്മദ് ദേവര്‍ കോവില്‍ തയാറാവുകയാണെങ്കില്‍ വഹാബ് പക്ഷത്തിനും എതിര്‍പ്പില്ല. എന്നാല്‍ യോഗത്തിന് വന്നില്ലെങ്കില്‍ ദേവര്‍കോവിലിനെതിരെ നടപടിയുണ്ടാവും. വഹാബ് പക്ഷത്തോട് അടുത്തുനില്‍ക്കുന്ന സ്വതന്ത്ര എം.എ.ല്‍.എ പി.ടി.എ റഹീമിനെ പകരം മന്ത്രിയാക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍ ദേശീയ ജനറല്‍ സെക്രട്ടറികൂടിയായ വഹാബ് വിളിച്ച യോഗത്തില്‍ ദേവര്‍കോവില്‍ പങ്കെടുക്കില്ലെന്നാണ് കാസിം ഇരിക്കൂര്‍ പറയുന്നത്.