റിയാദ്- ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന ആസ്ട്രാസെനിക്ക- കോവിഷീല്‍ഡ് കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൗദി അറേബ്യയുടെ തവക്കല്‍നാ ആപ്ലിക്കേഷനില്‍ ഇപ്പോള്‍ സ്വീകരിക്കുന്നത് മണിക്കൂറുകള്‍ക്കകം.
കേന്ദ്രസര്‍ക്കാറിന്റെ കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളാണ് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കി മണിക്കൂറുകള്‍ക്കകം അപ്‌ഡേറ്റ് ആവുന്നത്. ഇതോടെ രണ്ടു ഡോസ് വാക്‌സിനെടുത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദി അറേബ്യയിലെത്തിയാല്‍ ഏഴു ദിവസ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവായി കിട്ടും.
ഇന്ത്യയില്‍ നിന്ന് ലഭിക്കുന്ന കോവിഷീല്‍ഡ് കുത്തിവെപ്പ് സര്‍ട്ടിഫിക്കറ്റുകള്‍ സൗദി ആരോഗ്യമന്ത്രാലയം നിരസിക്കുകയാണെന്നും തവക്കല്‍നായില്‍ അപ്‌ലോഡ് ആവുന്നില്ലെന്നും കഴിഞ്ഞ രണ്ടു മാസമായി ഉയര്‍ന്ന വ്യാപക പരാതിയെ തുടര്‍ന്ന് റിയാദിലെ ഇന്ത്യന്‍ എംബസി ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നു. എംബസി സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് ഇത് സംബന്ധിച്ച് കത്തെഴുതുകയും ചെയ്തു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ പരിഹാരമുണ്ടായത്.
ഇന്ത്യയടക്കം ഏതാനും അറബ്, ഏഷ്യന്‍ രാജ്യങ്ങളുടെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളാണ് സൗദി ആരോഗ്യമന്ത്രാലയം പ്രധാനമായും നിരസിച്ചിരുന്നത്. ചില സര്‍ട്ടിഫിക്കറ്റുകളില്‍ സൗദി അറേബ്യ ആവശ്യപ്പെടുന്ന വിവരങ്ങളോ ബാര്‍കോഡുകളോ ലഭ്യമായിരുന്നില്ല. മറ്റു ചിലതില്‍ ആരോഗ്യമന്ത്രാലയത്തിന്റെ വാക്‌സിന്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല. രേഖകള്‍ മെഷീന്‍ റീഡബ്ള്‍ സംവിധാനങ്ങള്‍ക്ക് സ്വീകരിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സ്‌കാന്‍ ചെയ്തായിരുന്നില്ല ചിലര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നത്. ചിലതിന് വ്യാജ സര്‍ട്ടിഫിക്കറ്റുകളോട് സാമ്യതയുണ്ടായിരുന്നു. ആരോഗ്യമന്ത്രാലയവും തവക്കല്‍നായും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളെ ബന്ധിപ്പിക്കുന്നത് ഇഖാമ നമ്പര്‍ പ്രകാരമാണ്. എന്നാല്‍ ചിലരുടെ ഇഖാമയിലെ പേരുവിവരങ്ങളും വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യത്യസ്തമാകുന്നുണ്ട്. ഇതൊക്കെ നിരസിക്കപ്പെടാന്‍ കാരണമാകുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ടവര്‍ മലയാളം ന്യൂസിനോട് പറഞ്ഞിരുന്നു. അപേക്ഷ നല്‍കുമ്പോള്‍ വിവരങ്ങള്‍ വളരെ കൃത്യമായിരിക്കണമെന്ന് ആരോഗ്യമന്ത്രാലയ വെബ്‌സൈറ്റില്‍ അപേക്ഷയുടെ തുടക്കത്തില്‍ തന്നെ ആവശ്യപ്പെടുന്നുമുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം വഴിയാണ് സൗദി അറേബ്യ ഈ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. മൊബൈലുകളില്‍ ക്ലിയറല്ലാത്ത രീതിയില്‍ സ്‌കാന്‍ ചെയ്താണ് പലരും അപേക്ഷ നല്‍കിയിരുന്നത്. ഇത് പലപ്പോഴും സ്വീകരിച്ചിരുന്നില്ല.
ഒറ്റ ഷീറ്റിലാക്കി കൃത്യമായി സ്‌കാന്‍ ചെയ്ത പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകള്‍, കേന്ദ്രസര്‍ക്കാറിന്റെ ഫൈനല്‍ ഡോസ് സര്‍ട്ടിഫിക്കറ്റ്, കേന്ദ്രസര്‍ക്കാറിന്റെ ഫസ്റ്റ് ഡോസ് സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ അപ് ലോഡ് ചെയ്ത് അപേക്ഷിച്ചവര്‍ക്കെല്ലാം കഴിഞ്ഞ ദിവസം തവക്കല്‍നായി ഇമ്യൂണ്‍ സ്റ്റാറ്റസ് ആയി മാറിയിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റുകളൊന്നും സൗദി കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്തിരുന്നില്ല.
അതേസമയം ഇനി മുതല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അറ്റസ്റ്റേഷന് കൊണ്ടുവരേണ്ടതില്ലെന്ന് മുംബൈ കോണ്‍സുലേറ്റ് ട്രാവല്‍ ഏജന്‍സികള്‍ക്ക് വാക്കാല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റ് അറ്റസ്റ്റ് ചെയ്യണമെന്ന പതിവ് സന്ദേശം ഇപ്പോള്‍ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് അപേക്ഷ നിരസിക്കുമ്പോള്‍ ലഭിക്കുന്നുമില്ല.
മൂന്നു പ്രാവശ്യം മാത്രമേ വിദേശത്ത് നിന്ന് വാക്‌സിനെടുത്തവര്‍ക്ക് സൗദി ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപേക്ഷിക്കാന്‍ അവസരമുള്ളൂ. നാലാമതും ശ്രമം നടത്തിയാല്‍ ആ ഇഖാമ നമ്പര്‍ ബ്ലോക്ക് ആകും. അതിനാല്‍ ആദ്യഅപേക്ഷ തന്നെ കൃത്യമാകാന്‍ ശ്രമിക്കേണ്ടതുണ്ട്. രണ്ടു ഡോസെടുത്തിട്ടും തവക്കല്‍നായില്‍ അപ്‌ഡേറ്റാവാത്തവര്‍ സൗദി അറേബ്യയില്‍ എത്തുന്നതിന്റെ 72 മണിക്കൂറിനുള്ളില്‍ മുഖീമില്‍ നോട്ട് വാക്‌സിനെറ്റഡ് എന്നത് സെലക്ട് ചെയ്ത് വിവരങ്ങള്‍ നല്‍കി സൗദിയില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ശേഷം ആരോഗ്യമന്ത്രാലയത്തെ സമീപിച്ച് തവക്കല്‍നായില്‍ സ്റ്റാറ്റസ് മാറ്റേണ്ടിവരും.