Sorry, you need to enable JavaScript to visit this website.

കോവിഡില്‍ ലോകത്ത് കേരളം ഒന്നാമതായി; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം- സര്‍ക്കാരിന്റെ കോവിഡ് നയത്തെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. ഇടത്തേ  കൈ കൊണ്ട് ഫൈന്‍ കൊടുക്കുകയും വലത്തെ കൈ കൊണ്ട് കിറ്റ് കൊടുക്കുകയുമാണ് സര്‍ക്കാരിന്റെ രീതിയെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. കൂലിവേലക്കാര്‍ക്കും ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്. ആരാണ് ഈ കോവിഡ് നയവും അടച്ചിടല്‍ നയവും തീരുമാനിക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.

സംസ്ഥാനത്തെ കോവിഡ് നയം വളരെ അശാസ്ത്രീയമാണ്. മുഴുവന്‍ അടച്ചിടുക. എന്നിട്ട് ഇടക്ക് തുറക്കുക, ആരാണിത് ഉപദേശിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍ കൊണ്ടുവന്നതുപോലുള്ള സംവിധാനം മറ്റു മേഖലകളിലും നടപ്പാക്കണം. അവിടെ കൃത്യമായി എല്ലാം നടക്കുന്നു. മറ്റു മേഖലകളില്‍ എന്തുകൊണ്ട് അതിനു കഴിയുന്നില്ല.  സകലതും അടച്ചിട്ട് എല്ലാവരുടേയും ജീവിതം മുട്ടിച്ച് എത്ര കാലം മുന്നോട്ടു പോകാനാകും.
ലോകത്ത് കോവിഡില്‍ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. ഇന്ത്യയില്‍ കേരളത്തിലാണ് കൂടുതല്‍ രോഗികള്‍. അപ്പോള്‍ ലോകത്തു തന്നെ കോവിഡില്‍ ഒന്നാം സ്ഥാനം  കേരളത്തിനാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Latest News