തിരുവനന്തപുരം- ഐ.എസ്.ആര്‍.ഒ ചാരക്കേസ് നമ്പി നാരായണന്‍ അട്ടിമറിച്ചത് അന്വേഷിക്കണമെന്ന ആവശ്യം കോടതി തള്ളി. ഗൂഢാലോചനക്കേസിലെ ഒന്നാം പ്രതി എസ് വിജയന്‍ നല്‍കിയ ഹരജിയാണ് തളളിയത്. നമ്പി നാരായണനെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പില്‍ ഹാജരാക്കിയാല്‍ മതിയെന്ന നിരീക്ഷണത്തോടെയാണ് തള്ളിയത്.
തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ആര്‍. രേഖയുടേതാണ് ഉത്തരവ്. ചാരക്കേസ് അന്വേഷിക്കുന്ന കാലത്ത് സൗത്ത് സോണ്‍ ഐ.ജി രമണ്‍ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവയും നമ്പി നാരായണനും തമ്മില്‍ ഭൂമി ഇടപാടുകള്‍ നടന്നതായി ഹരജിയില്‍ ആരോപിച്ചിരുന്നു. 2004 ല്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലെ ഭൂമി നമ്പി നരായണന്‍ അഞ്ജലി ശ്രീവാസ്തവക്ക് നല്‍കിയ രേഖകള്‍ സഹിതമാണ് ഹരജി നല്‍കിയിരുന്നത്.
ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന നിലപാടാണ് സി.ബി.ഐ കോടതിയില്‍ സ്വീകരിച്ചത്. കേരള പോലീസിലേയും ഐ.ബി, സി.ബി.ഐ ഉദ്യോഗസ്ഥരെയും നമ്പി നാരായണന്‍ സ്വാധീനിച്ചതായും ഹരജിയില്‍ ആരോപിക്കുന്നു.