റിയാദ്- റെന്റ് എ കാർ മേഖലാ സ്ഥാപനങ്ങളെ ഇ-കരാർ ഇഷ്യൂ ചെയ്യാൻ നിർബന്ധിക്കുന്ന തീരുമാനത്തിന്റെ ആദ്യ ഘട്ടം ഞായറാഴ്ച മുതൽ നിലവിൽ വന്നതായി പൊതുഗതാഗത അതോറിറ്റി അറിയിച്ചു. പൊതുഗതാഗത അതോറിറ്റിക്കു കീഴിലെ നഖ്ൽ പോർട്ടൽ വഴിയുള്ള വാടക കരാർ സേവനം മുഖേനയാണ് റെന്റ് എ കാർ സ്ഥാപനങ്ങൾ ഉപയോക്താക്കളുമായി കരാറുകൾ ഒപ്പുവെക്കേണ്ടത്. വ്യവസ്ഥകളും മാനദണ്ഡങ്ങളും പൂർണമായ ഏകീകൃത കരാർ ഇഷ്യൂ ചെയ്യാൻ ഈ സേവനം ലൈസൻസുള്ള റെന്റ് എ കാർ സ്ഥാപനങ്ങൾക്ക് അവസരമൊരുക്കുന്നു. റെന്റ് എ കാർ സ്ഥാപനങ്ങളുടെയും കാറുകൾ വാടകക്കെടുക്കുന്നവരുടെയും അവകാശങ്ങൾ ഒരുപോലെ സംരക്ഷിക്കാനും റെന്റ് എ കാർ മേഖലയിൽ ഉപയോക്താക്കളുടെ വിശ്വാസം ശക്തിപ്പെടുത്താനും സേവന നിലവാരം ഉയർത്താനും ഇ-കരാർ സഹായിക്കും.
ഡി വിഭാഗം സ്ഥാപനങ്ങൾക്കും തരംതിരിക്കാത്ത സ്ഥാപനങ്ങൾക്കും എഴുതിയുണ്ടാക്കുന്ന കരാറുകൾ തയാറാക്കുന്ന റെന്റ് എ കാർ സ്ഥാപനങ്ങൾക്കുമാണ് ആദ്യ ഘട്ടത്തിൽ ഇ-കരാർ നിർബന്ധമാക്കുന്നത്. സെപ്റ്റംബർ ഒന്നിന് നിലവിൽ വരുന്ന രണ്ടാം ഘട്ടത്തിൽ സി വിഭാഗം സ്ഥാപനങ്ങൾക്ക് ഇ-കരാർ നിർബന്ധമാക്കും. മൂന്നും നാലും ഘട്ടങ്ങളിൽ എ, ബി വിഭാഗം സ്ഥാപനങ്ങൾക്കാണ് ഇ-കരാർ നിർബന്ധമാക്കുക. മൂന്നും നാലും ഘട്ടങ്ങൾ നടപ്പാക്കുന്ന സമയം പൊതുഗതാഗത അതോറിറ്റി പിന്നീട് അറിയിക്കും.
റെന്റ് എ കാർ സ്ഥാപനങ്ങളും ഉപയോക്താക്കളും തമ്മിലുള്ള തർക്കങ്ങൾ കുറക്കാനും തർക്കങ്ങൾ കാരണം ബന്ധപ്പെട്ട വകുപ്പുകൾക്കു മേലുള്ള ഭാരം കുറക്കാനും ഇ-കരാർ സഹായിക്കും. റെന്റ് എ കാർ മേഖലയിൽ പുതിയ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാനും റെന്റ് എ കാർ മേഖലയുടെ വളർച്ചക്കും വികസനത്തിനും കരാർ സഹായിക്കും. നിക്ഷേപകർക്കും ഉപയോക്താക്കൾക്കും ഗുണകരമായി മാറുന്ന നിലക്ക് മികച്ച സേവനങ്ങളും മത്സരാധിഷ്ഠിത നിരക്കുകളും ലഭ്യമാക്കാനും ഇതിലൂടെ സാധിക്കുമെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു.