ജിദ്ദ- സുന്നി ഐക്യനീക്കത്തെ പ്രവാസി സുന്നി സംഘടനകളും പ്രവർത്തകരും ആകാംക്ഷയോടെയും കരുതലോടെയുമാണ് ഉറ്റുനോക്കുന്നത്. ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയായാണ് സുന്നി സംഘടനാ നേതാക്കൾ വിലയിരുത്തുന്നതെങ്കിലും എടുത്തു ചാട്ടമില്ലാതെ വളരെ കരുതലോടെയാണ് നീങ്ങുന്നത്. നേതാക്കളുടെ വാക്കുകൾക്ക് കാതോർത്ത് അതിനനുസരിച്ചായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന നിർദേശമാണ് അണികൾക്ക് നൽകിയിരിക്കുന്നത്.
സുന്നി ഐക്യ ചർച്ചയുമായി ബന്ധപ്പെട്ട് പ്രവർത്തകരാരും ആവേശത്തോടെയോ, വിമർശനാത്മകമായോ സാമൂഹിക മാധ്യമങ്ങളിൽ ഇടപെടരുതെന്ന് എ.പി വിഭാഗത്തിന്റെ ഐ.സി.എഫ് മിഡിൽ ഈസ്റ്റ് കമ്മിറ്റി അണികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
നേതാക്കളുടെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയല്ലാതെ അനാവശ്യ ഇടപെടലുകളിലൂടെ തെറ്റിദ്ധാരണ പരത്തരുതെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു. നന്മ പുലർന്നു കാണാൻ സദാ പ്രവർത്തിച്ചുകൊണ്ടിരിക്കണമെന്നും ഐ.സി.എഫ് ഗൾഫ് കൗൺസിൽ നേതാക്കളുടേതായി പുറത്തിറങ്ങിയ നിർദേശത്തിലുണ്ട്. ഔദ്യോഗിക സുന്നി വിഭാഗത്തിന്റെ ഗൾഫ് പ്രവാസി സംഘടനയായ എസ്.കെ.ഐ.സിയും കാര്യങ്ങളെ സൂക്ഷ്മമായി വിലയിരുത്തി കരുതലോടെയാണ് നീങ്ങുന്നത്.
സുന്നി ഐക്യ പ്രസ്താവനകൾ പൊന്തി വരാറുള്ളപ്പോഴെല്ലാം അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യ മാധ്യങ്ങളിൽ ഏറെ ചർച്ചകൾ നടക്കാറുണ്ട്. സുന്നി സമ്മേളന കാലഘട്ടങ്ങളിലാണ് അധികവും ഇത്തരം ഐക്യ ചർച്ചകൾ ഉയർന്നു വരാറുള്ളത്.
കൂടാതെ നേതാക്കളുടെ ഗൾഫ് സന്ദർശന വേളകളിലും ഐക്യ പ്രസ്താവനകൾ ഉണ്ടാവാറുണ്ട്. ഇതേത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിലടക്കം ഏതാനും ദിവസത്തേക്ക് ചർച്ചകൾ സജീവമാവുകയും അതുപോലതന്നെ അതു കെട്ടടങ്ങാറുമാണ് പതിവ്. നേതൃത്വമാവട്ടെ ഇത്തരം ചർച്ചകൾ കണ്ടില്ലെന്ന് നടിക്കലുമാണ് പതിവ്. എന്നാൽ മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി ഇരു വിഭാഗവും ലയന നീക്കങ്ങൾക്ക് സ്വയം മുന്നോട്ടു വരികയും പ്രാഥമിക ചർച്ചകൾക്കായി തലമുതിർന്ന നേതാക്കളടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട് അനാവശ്യ ചർച്ചകൾ നടത്തരുതെന്ന് അണികൾക്ക് നിർദേശവും നൽകിയിരിക്കുകയാണ്.
സുന്നി ഐക്യ നീക്കം കേരളത്തിൽ രാഷ്ട്രീയ മാറ്റങ്ങൾക്കിടയാക്കുമെന്നതിനാൽ മുസ്‌ലിം ലീഗും സി.പി.എമ്മും ആകാംക്ഷയോടെയാണ് ഐക്യ നീക്കത്തെ ഉറ്റുനോക്കുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതിന്റെ പേരിൽ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, റഷീദലി ശിഹാബ് തങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട സമസ്തയിലെ പ്രശ്‌നങ്ങൾ തൽക്കാലം തീർന്നെങ്കിലും മുസ്‌ലിം ലീഗിന് ഇത് ഏറെ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. അതിനിടെ സുന്നി ഐക്യ നീക്കം കൂടിയായത് ലീഗിനെയാണ് ഏറെ അലട്ടുന്നത്. അതേസമയം സുന്നി ഐക്യ ശ്രമങ്ങളിൽ എ.പി വിഭാഗത്തിന് മേൽക്കോയ്മയുണ്ടാവുകയും അതു തങ്ങൾക്കനുകൂലമായി മാറുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് സി.പി.എം നേതൃത്വം.
എന്നാൽ പ്രവാസ ലോകത്തെ ഇരു വിഭാഗം സുന്നി അണികളും രാഷ്ട്രീയത്തിനപ്പുറം സഹകരിച്ചുള്ള പ്രവർത്തനമാണ് ഐക്യത്തിലൂടെ പ്രതീക്ഷിക്കുന്നത്. മൂന്നു പതിറ്റാണ്ടായി അകന്നു നിൽക്കുന്നവർക്ക് യോജിക്കാനായാൽ അതു പ്രവാസ ലോകത്തുമാത്രമല്ല, നാട്ടിലും ഏറെ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സുന്നി പ്രവാസി സംഘടനകളുടെ വിലയിരുത്തൽ.
പെട്ടെന്നുള്ള സംഘടനാ ലയനം സങ്കീർണമാകയാൽ ആദ്യ ഘട്ട ചർച്ചകളിൽ അതിനു സാധ്യത വിരളമാണ്. ആദർശപരമായ ഭിന്നിപ്പില്ലെന്നതിനാൽ പരസ്പരം വേദി പങ്കിട്ടും പ്രചാരണ പരിപാടികൾ ഒരുമിച്ചു നടത്തിയുമൊക്കെയാവും ആദ്യഘട്ട യോജിപ്പു ശ്രമങ്ങൾ നടത്തുക. സ്ഥാപനങ്ങളുടെ വാർഷികങ്ങളിൽ സഹകരിച്ച് പങ്കാളികളാകാനും ശ്രമങ്ങളുണ്ടാവും. അങ്ങനെ അണികൾക്കിടയിൽ പരസ്പര ബന്ധം ശക്തമാക്കി നമ്മളൊന്നാണെന്ന തോന്നൽ വരുത്തിയശേഷം മാത്രമായിരിക്കും ലയന ചർച്ചകളുടെ വേദികൾ ഒരുങ്ങാനിടയുള്ളൂ. ഇതിനിടെ ലയന ഫോർമുലകൾ ഉണ്ടാക്കുന്നതിന് ആവശ്യത്തിന് സമയം ലഭിക്കുകയും ചെയ്യും. എല്ലാ തലത്തിൽനിന്നും ലയന ഫോർമുലകൾ രൂപപ്പെടുത്തിയ അഭിപ്രായങ്ങൾ സ്വരൂപിക്കുന്നതിനും അവസരമൊരുക്കും.
പ്രവാസ ലോകത്തുനിന്നും ലയനവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ തേടും. ഇരു വിഭാഗത്തിന്റെയും പ്രവാസി സംഘടനകൾ നാട്ടിലെ സംഘടനാ ചട്ടക്കൂടുപോലെ ശക്തവും കാര്യക്ഷമവുമാണ്. അതിനാൽ സംഘടനാ ലയന കാര്യങ്ങളിൽ പ്രവാസ ലോകത്തുനിന്നുള്ള അഭിപ്രായങ്ങൾക്കും ഏറെ പ്രസക്തിയുണ്ടാവുമെന്നാണ് വിലയിരുത്തലുകൾ.