മലപ്പുറം- കെ.എസ്.ഇ.ബിയുടെ ഉപഭോക്തൃസേവനത്തിന്റെ സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിക്ക് ജില്ലയിൽ സ്വീകാര്യതയേറുന്നു. നിരവധി പേർക്കാണ് വിവിധ ആവശ്യങ്ങൾക്ക് സെക്ഷൻ ഓഫീസിലെത്താതെ തന്നെ സേവനങ്ങൾ ലഭ്യമായത്.
പദ്ധതിയിലൂടെ ജില്ലയിൽ പുതിയ കണക്ഷൻ നൽകലും മറ്റു സർവീസുകളുമായി നിലവിൽ 706 സർവീസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതി പ്രകാരം ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ സേവനങ്ങൾക്കായി ഇനി സെക്ഷൻ ഓഫീസ് സന്ദർശിക്കേണ്ടതില്ല. സേവനങ്ങൾ വാതിൽപ്പടിയിലെത്തും. പുതിയ വൈദ്യുതി കണക്ഷൻ, ഉടമസ്ഥാവകാശം മാറ്റൽ, ഫെയ്‌സ്/ കണക്റ്റഡ് ലോഡ് മാറ്റൽ, താരിഫ് മാറ്റൽ, വൈദ്യുതി മീറ്റർ/ ലൈൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ സേവനങ്ങളാണ് ഈ വിപ്ലവകരമായ പദ്ധതിയിലൂടെ വാതിൽപ്പടിയിൽ ലഭ്യമാവുക.
ജില്ലയിൽ കൂടുതലും പുതിയ കണക്ഷൻ നൽകുന്നടക്കമുള്ള സർവീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്തരത്തിൽ 221 പുതിയ കണക്ഷൻ നൽകാനുള്ള സർവീസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്നും കോവിഡ് മഹാമാരി കാലത്ത് ജനങ്ങളുടെയും ഉപഭോക്താക്കളുടെയും ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനും സേവനങ്ങൾ വാതിൽപ്പടിയിൽ പോലുള്ള പദ്ധതികൾ വളരെ ഉപകാരപ്പെട്ടിട്ടുണ്ടെന്ന് മഞ്ചേരി ഇലക്ട്രിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ പറഞ്ഞു.
സേവനങ്ങൾ വാതിൽപ്പടിയിൽ പദ്ധതിയുടെ സേവനങ്ങൾ ലഭിക്കാനായി 1912 എന്ന ട്രോൾ ഫ്രീ നമ്പറിലേക്ക് വിളിക്കാം. കസ്റ്റമർകെയർ എക്‌സിക്യൂട്ടീവുമായി സംസാരിക്കാൻ കോൾ കണക്റ്റാവുമ്പോൾ വീണ്ടും 19 ഡയൽ ചെയ്ത് സംസാരിച്ച് രജിസ്റ്റർ ചെയ്യാം. അതത് സെക്ഷൻ ഓഫീസിലേക്ക് അപേക്ഷ അപ്പോൾ തന്നെ കമ്പ്യൂട്ടർ സംവിധാനം വഴി കൈമാറും. സെക്ഷൻ ഓഫീസിൽ നിന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ ഉപഭോക്താവിനെ ഫോണിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ തിരക്കുകയും വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്യും. ഉപഭോക്താവിന് സൗകര്യമുള്ള സമയത്ത് ഉദ്യോഗസ്ഥൻ സ്ഥലം സന്ദർശിച്ച് വേണ്ട നടപടി സ്വീകരിക്കും. 1912 ന്റെ സേവനം അവധികളില്ലാതെ 24 മണിക്കൂറും ലഭ്യമാണ്.