Sorry, you need to enable JavaScript to visit this website.

മൂന്ന് പതിറ്റാണ്ടിന് ശേഷവും ശങ്കരാടിയുടെ അന്തർധാര ഡയലോഗ് പുതുപുത്തൻ

ഇഞ്ചോടിഞ്ച് പൊരുതി നിൽക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ.  കേരളമാകെ എതിരാണെന്നറിഞ്ഞിട്ടും ഏറ്റവും പുതിയ ഫോൺ വിളി വിവാദത്തിലും  മന്ത്രി എ.കെ ശശീന്ദ്രനെ പിന്തുണച്ച മുഖ്യമന്ത്രി ആ വിഷയത്തിൽ ജയിച്ചു കയറിയ ദിനവുമായിരുന്നു ഇന്നലെ. ശബ്ദം കൊണ്ടും ശരീരം കൊണ്ടും എന്തിനും പോന്ന പി.സി. ചാക്കോ എന്ന നേതാവിനെ കിട്ടിയപ്പോൾ എൻ.സി.പിയുടെ പ്രഖ്യാപനങ്ങൾക്കും ഒരു ചേലും ചന്തവുമെല്ലാം വന്നു ചേർന്നിട്ടുണ്ട്.  നിയമസഭ  നടന്നുകൊണ്ടിരിക്കേയായിരുന്നു മന്ത്രി ശശീന്ദ്രന്റെ ഫോൺ വിവാദത്തിൽ അദ്ദേഹത്തിന്റെ പാർട്ടിയായ എൻ.സി.പിയുടെ ന്യായവിധി- അതിങ്ങനെ- കുണ്ടറയിൽ  പീഡന  പരാതി നൽകിയ യുവതിയുടെ അച്ഛൻ ഉൾപ്പെടെ ആറ് പേർക്കെതിരെ  പാർട്ടി  നടപടിയെടുത്തിരിക്കുന്നു.    കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന സമിതി അംഗം പ്രദീപ് കുമാർ, മഹിളാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് ഹണി വിക്ടോ എന്നിവരെ  സസ്‌പെൻഡ് ചെയ്തിട്ടുമുണ്ട്. ബനഡിക്റ്റ് ഫോൺ കോൾ റെക്കോർഡ് മാധ്യമങ്ങളിൽ എത്തിച്ചു. പ്രദീപ് മന്ത്രിയെ ഫോൺ വിളിക്കാൻ സമ്മർദം ചെലുത്തി. ഹണി വിക്ടോ ഇത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നൊക്കെയാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയുടെ വിശദീകരണം. അന്വേഷണ കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ് നടപടി. വിവാദത്തിൽ എൻ.സി.പി സംസ്ഥാന പ്രസിഡന്റിന്റെ  പേരു കൂടി വലിച്ചിഴക്കാൻ ശ്രമിച്ചെന്ന വിലയിരുത്തലിലാണ് ഇത്രയും കഠിനമായ  നടപടി. ഫോൺ വിളിയിൽ ശശീന്ദ്രന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടില്ല.  മന്ത്രിയോട് ഫോൺ സംഭാഷണത്തിൽ സൂക്ഷ്മത പാലിക്കണമെന്ന് മാത്രം  പറഞ്ഞിട്ടുണ്ട്.  


മയക്കുമരുന്ന് കേസിൽ കർണാടകയിൽ ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയെയും  (കോടിയേരി ബാലകൃഷ്ണന്റെ മകൻ)  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ  അടി മുടി പിന്തുണച്ചു എതിരാളികളെ നിശ്ശബ്ദരാക്കി.  മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ 'മയക്കുമരുന്ന് കേസിൽ ബിനീഷിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. രാഷ്ട്രീയത്തിന്റെ പേരിൽ വ്യക്തികളെ ആക്ഷേപിക്കരുത്. കൊടകര കള്ളപ്പണക്കേസ് ഒത്തുതീർക്കാൻ സി.പി.എം ബി.ജെ.പിയുമായി ധാരണയുാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജൻസികളെ വിമർശിച്ചും ബിനീഷിനെ പൂർണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. തെരഞ്ഞെടുപ്പിന് മുമ്പ് ബിനീഷ് വിഷയത്തിൽ ചാഞ്ചാടിയിരുന്നവർക്കെല്ലാം ശക്തി പകരുന്ന നിലപാട്. ഇനിയിപ്പോൾ ആരെ പേടിക്കാൻ.


കൊടകര കുഴൽപണ കേസിൽ ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉറപ്പാണ്.  സർക്കാരിനെതിരെയുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഒത്തുതീർപ്പാക്കാനാണ് കൊടകര കേസിൽ ബിജെപിക്കെതിരായ അന്വഷണം ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നത്. പശുവിനെ കുറിച്ച് ചോദിക്കുമ്പോൾ അതിനെ കെട്ടിയ തെങ്ങിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നതെന്ന തോന്നലാണ്  അടിയന്തര പ്രമേയ നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗം കേട്ടപ്പോൾ സതീശനുണ്ടായത്.  ആയിരം പിണറായി വിജയൻമാർ ഒരുമിച്ചു വന്നാലും യു.ഡി.എഫുകാരുടെ തലയിൽ സംഘിപ്പട്ടം ചാർത്താൻ സാധിക്കില്ലെന്ന വെല്ലുവിളിയും പ്രതിപക്ഷ നേതാവിൽ നിന്നുണ്ടായി.


ഒരു ബിജെപി നേതാവും കേസിൽ പ്രതികളാകില്ലെന്ന് ഉറപ്പു വരുത്തിയാണ് സംസ്ഥാന സർക്കാർ കൊടകര കേസ് അന്വേഷണം അവസാനിപ്പിക്കുന്നത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ കുഴൽപണ ഇടപാടിനെ കേവലമൊരു കവർച്ചാക്കേസാക്കി മാറ്റി. പ്രതികളാകേണ്ട രാഷ്ട്രീയ നേതാക്കളെയെല്ലാം സർക്കാർ സാക്ഷികളാക്കി രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്. വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ എം.ബി രാജേഷ്  അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.


കൊടകര കുഴൽപണം ബി.ജെ.പി പ്രവർത്തകർ തെരഞ്ഞെടുപ്പിന് വേണ്ടി എത്തിച്ചതാണെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തിൽ പറഞ്ഞു വെച്ചു. കൊടകരക്കേസിൽ നാലാം പ്രതി ബിജെപി പ്രവർത്തകനാണ്. ധർമ്മരാജനും ബിജെപി അനുഭാവി. ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷററെ ഏൽപിക്കാനാണ് കുഴൽപണം എത്തിച്ചത്. കേസിൽ കെ. സുരേന്ദ്രൻ അടക്കം 206 സാക്ഷികൾ ഉണ്ട്. 21 പ്രതികൾ അറസ്റ്റിലായി. അന്വേഷണം പുരോഗമിക്കുമ്പോൾ സാക്ഷികൾ ചിലപ്പോൾ  പിന്നീട് പ്രതികളായേക്കാം- കെ.  സുരേന്ദ്രനെ ഉന്നംവെച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര ഭരണകക്ഷിയെ മുൾമുനയിൽ നിർത്തുന്നതാണ് മുഖ്യമന്ത്രിയുടെ ഈ നിലപാട്. മുഖ്യ മന്ത്രിക്കെതിരെ ചാവേറാകിനിറങ്ങിയ സുരേന്ദ്രനെ പ്രതിരോധത്തിലാക്കുന്ന നിലപാട്.
കുഴൽപണക്കേസിലെ വിവരങ്ങൾ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. ഇ.ഡിക്ക് ഇക്കാര്യം നേരിട്ട് അന്വേഷിക്കാവുന്നതാണ്. കൊടകര കേസുമായി ബന്ധപ്പെട്ട് പണത്തിന്റെ ഉൽഭവം അടക്കമുള്ള കാര്യങ്ങൾ ഇതുവരെയും പുറത്തു വന്നിട്ടില്ല. അതുകൊണ്ട് ഈ കേസ് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സംസ്ഥാനം കൈമാറണമെന്ന ആവശ്യമാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ റോജി എം ജോൺ പ്രധാനമായും ആവശ്യപ്പെട്ടത്.


കൊടകര കുഴൽപണക്കേസിൽ ഉൾപ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജൻസികളെ ഏൽപിക്കാതെ ഒതുക്കാൻ സർക്കാർ ശ്രമിച്ചത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു റോജി എം. ജോണിന്റെ  അടിയന്തര പ്രമേയം.
സൂത്രധാരനുൾപ്പെടെ പ്രതിയാകാതെ സാക്ഷിയാകുന്ന സൂത്രം എങ്ങനെയാണ് കേരളാ പോലീസിന് മാത്രം സാധ്യമാകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് റോജി എം ജോണിന്റെ  പരിഹാസം. ഇത്രയും ഗുരുതരമായ സംഭവങ്ങൾ നന്നിട്ടും ബി.ജെ.പിക്ക് സൈ്വരവിഹാരം നടത്താനുള്ള സൗകര്യം ഒരുക്കിക്കൊടുക്കാനുള്ള അന്തർ'ധാര'യാണോ ഈ സംസ്ഥാനത്ത് നിലനിൽക്കുന്നത്? 
കൊടകര കുഴൽപണക്കേസിൽ ഉൾപ്പെട്ട കോടിക്കണക്കിന് രൂപ കേരളത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബി.ജെ.പി ഉപയോഗിച്ചു എന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടും ബന്ധപ്പെട്ട കേന്ദ്ര എജൻസികളെ ഏൽപിക്കാതെ ഒതുക്കാൻ  നോക്കുകയാണ്. ഇതാണ് ഉറപ്പായും ശങ്കരാടി കഥാപാത്രം പറഞ്ഞ അന്തർധാര- 1991 ൽ ഇറങ്ങിയ ശ്രീനിവാസൻ-സത്യൻ അന്തിക്കാട് സിനിമയായ സന്ദേശത്തിലെ ഡയലോഗ് വീണ്ടും പുതുപുത്തനായി ചേരുംപടി ചേരുന്നു. 


ഇത്രയൊക്കെയേ ഞങ്ങൾക്കാവുകയുള്ളൂ, ബാക്കി നിങ്ങൾ നോക്കിക്കോ എന്ന സന്ദേശമാണ് കേസിൽ നിന്ന് രക്ഷപ്പെടാൻ ബി.ജെ.പിക്ക് സി.പി.എം നൽകുന്നതെന്നാണ് പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിരീക്ഷണം.   മരംമുറി സംഭവത്തിൽ  സങ്കോച ലേശമില്ലാതെ  ഉത്തരവിനെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ.രാജനും രംഗത്തെത്തി.  നിയമത്തിൽ വ്യക്തമായ വ്യവസ്ഥകൾ ഉള്ളതിനാലാണ് ഉത്തരവിറക്കിയപ്പോൾ നിയമോപദേശം തേടാതിരുന്നത്. 
അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി ഉത്തരവ് ഇറക്കിയതും പിൻവലിച്ചതും അഡീഷണൽ ചീഫ് സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും വിവാദത്തിൽ മന്ത്രി കെ രാജന്റെ വിശദീകരണം.

Latest News