കോഴിക്കോട് ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ തുഷാരഗിരി ഉൾപ്പെടുന്ന കിഴക്കൻ മേഖലയ്ക്ക് അടുത്ത കാലത്തായാണ് കൂടുതൽ പരിഗണന ലഭിച്ചു തുടങ്ങിയത്. തുഷാരഗിരി, കോടഞ്ചേരി, കക്കാടംപൊയിൽ എന്നീ പ്രദേശങ്ങളുടെ സാധ്യത അധികൃതരും സംരംഭകരും തിരിച്ചറിഞ്ഞതിന്റെ ഗുണ ഫലങ്ങൾ പ്രകടമാണ്. കോഴിക്കോട് ബീച്ച്, കാപ്പാട്, ലോകനാർകാവ്, ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ്, ബേപ്പൂർ തുറമുഖം എന്നിവയ്‌ക്കൊപ്പം തലയുയർത്തി നിൽക്കുകയാണ് പ്രകൃതി സൗന്ദര്യം അനുഗ്രഹിച്ച തുഷാരഗിരിയും. ഒരു കാൽ നൂറ്റാണ്ട് മുമ്പ് വരെ സാഹസികത ഇഷ്ടപ്പെടുന്നവർ മാത്രം എത്തിയിരുന്ന പ്രദേശത്തേക്ക് എല്ലാ വിഭാഗം ടൂറിസ്റ്റുകളും പ്രവഹിക്കുകയാണ്. ഏറ്റവുമേറെ ടൂറിസ്റ്റുകളെത്തുന്ന പ്രദേശമായി തുഷാരഗിരി മാറുകയാണ്. വിശ്രമമില്ലാത്ത ജോലികളുടെ തിരക്കിൽ നിന്ന് വീണു കിട്ടുന്ന വിശ്രമ വേള പ്രകൃതിയുടെ മടിത്തട്ടിൽ ആഘോഷിക്കാനാണ് വിനോദ സഞ്ചാരികളുടെ സംഘങ്ങളെത്തുന്നത്.
മഴക്കാലത്തെ പ്രകൃതിക്കാഴ്ചകൾ കണ്ട് മതിമറക്കാൻ തുഷാരഗിരിയോളം പോന്നൊരു സ്ഥലമുണ്ടോ എന്ന് സംശയമാണ്. പശ്ചിമഘട്ടത്തിന്റെ അമ്പരപ്പിക്കുന്ന സൗന്ദര്യം അതിന്റെ മൂർദ്ധന്യതയിൽ വരച്ചുകാട്ടിയിരിക്കുകയാണ് ഇവിടെ.
കക്കാടംപൊയിലിന്റെ പ്രകൃതി ഭംഗി
പുതിയ കാഴ്ചകൾ കാണാനും പ്രകൃതിയിൽ മതിമറന്നുല്ലസിക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് തുഷാരഗിരി.
സഞ്ചാരികൾ തുഷാരഗിരിയെ തിരഞ്ഞുപിടിച്ച് ടൂർ ചാർട്ടിന്റെ ഭാഗമാക്കുന്നതിനും കാരണം മറ്റൊന്നല്ല. ഇടതിങ്ങിയ കാടുകളും പ്ലാന്റേഷനുകളും ഇവിടം സഞ്ചാരികൾക്ക് പ്രിയങ്കരമാക്കുന്നു. ടൂറിസത്തിന്റെ പുതിയ കാലത്തിന്റെ വാഗ്ദാനം കൂടിയാണ് തുഷാരഗിരി എന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിൻെറ നനവിൽ, കോടമൂടിയ മലകളുടെ സൗന്ദര്യം ആസ്വദിച്ച്, പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ഉതകുന്ന ടൂറിസ്റ്റ് കേന്ദ്രമായി തൊട്ടടുത്ത കക്കാടംപൊയിൽ മാറിയിട്ടുണ്ട്.
കുത്തനെയുള്ള ചുരവും കയറ്റവും പ്രകൃതി രമണീയ കാഴ്ചകളുമാണ് കക്കാടം പൊയിലിനെ മനോഹരിയാക്കുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമാണ് കക്കാടംപൊയിൽ പ്രദേശം സ്ഥിതി ചെയ്യുന്നത്.
പച്ച പുതച്ച്ുനിൽക്കുന്ന മലകളും കുന്നിൻ ചെരിവിൽ നിന്ന് ഒഴുകുന്ന അരുവിയുമെല്ലാം സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. റോഡുകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മുളങ്കാടുകൾ ചുറ്റപ്പെട്ടത് കാണാൻ മനോഹരമാണ്. സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 2200 മീറ്റർ ഉയരത്തിലാണ് കക്കാടംപൊയിൽ സ്ഥിതി ചെയ്യുന്നത്. കോഴിപ്പാറ വെള്ളച്ചാട്ടവും പഴശ്ശി ഗുഹയുമെല്ലാം കക്കാടംപൊയിലിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്.
ആനകളുടെയും കടുവകളുടെയും അപൂർവ ഇനം പക്ഷികൾ, ഷഡ്പദങ്ങൾ എന്നിവയുടെയും ആവാസ ഭൂമിയാണ് കക്കാടംപൊയിൽ. കാടിന്റെ നിഗൂഢതകളറിയാൻ കക്കാടംപൊയിലിൽ വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രകൃതി പഠന ക്യാമ്പുകൾ സജീവമായി നടക്കുന്നുണ്ട്. നിലമ്പൂരിൽ നിന്ന് 24 കിലോ മീറ്ററും കോഴിക്കോട്ട് നിന്ന് 50 കിലോ മീറ്ററുമാണ് കക്കാടംപൊയിലിലെത്താനുള്ള ദൂരം. കോഴിക്കോട്ട് നിന്ന് തിരുവമ്പാടി കൂടരഞ്ഞി വഴിയും എത്താം.
കോഴിപ്പാറ വെള്ളച്ചാട്ടം
കോഴിപ്പാറ വെള്ളച്ചാട്ടമാണ് കക്കാടംപൊയിലിലെ മുഖ്യ ആകർഷണം. പാറയിടുക്കൾക്കിടയിലൂടെ നുരഞ്ഞൊഴുകുന്ന കുറുവൻപുഴയിലെ വെള്ളച്ചാട്ടത്തിൽ നിന്നും കാറ്റിനൊപ്പം വീശിയടിക്കുന്ന ജലകണങ്ങൾ ഏവരുടെയും മനസ്സിനെ കുളിർപ്പിക്കും.കക്കാടം പൊയിലിൽ നിന്നും 4 കിലോമീറ്റർ മാറി നായാടം പൊയിലിന് അടുത്താണ് പഴശ്ശി ഗുഹ സ്ഥിതി ചെയ്യുന്നത്.