തൃശൂര്‍ - കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളെ ഞായറാഴ്ച തൃശൂര്‍ അയ്യന്തോളില്‍ നിന്ന് പിടികൂടിയെങ്കിലും ഇതുവരെയും ഇങ്ങനെയൊരു സംഭവം നടന്നുവെന്ന് സ്ഥിരീകരിക്കാന്‍ ക്രൈം ബ്രാഞ്ച് തയ്യാറായിട്ടില്ല.
കേസിലെ മുഴുവന്‍ പ്രതികളേയും പിടികൂടിയ ശേഷം മാത്രം അറസ്റ്റ് രേഖപ്പെടുത്താന്‍ വേണ്ടിയാണ് ക്രൈം ബ്രാഞ്ച് കാത്തിരിക്കുന്നതെന്ന് കരുതുന്നു. കൂടാതെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ കോടതിയില്‍ ഹാജരാക്കി പ്രതികള്‍ റിമാന്‍ഡിലായാല്‍ പിന്നീട് കസ്റ്റഡിയില്‍ കിട്ടിയാല്‍ മാത്രമേ ചോദ്യം ചെയ്യലും തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളും മറ്റും കണ്ടെത്താനും സാധിക്കൂ. അതിനാലാണ് പ്രതികളെ അറസ്റ്റു ചെയ്തുവെന്ന് രേഖപ്പെടുത്താത്ത് എന്നും പറയുന്നു. ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണ് പ്രതികളെ അയ്യന്തോളിലെ ഫഌറ്റില്‍ നിന്നും പിടികൂടിയത്. പിന്നീടിവരെ പി.പി.കിറ്റണിയിച്ച് കൊണ്ടുപോവുകയും ചെയ്തു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനും മറ്റും സമയം വേണമെന്നതിനാലാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് സൂചന.
അതിനിടെ ഇവരുടെ സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ക്ക് ബിനാമി പണമുപയോഗിച്ച് കൊച്ചിയിലും ബിസിനസുള്ളതായി കണ്ടെത്തി. വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന പ്രതി കിരണ്‍ കൊച്ചിയില്‍ ബിനാമി പണമുപയോഗിച്ച് ബിസിനസ് നടത്തിയിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടെ കമ്പനിയാണ് പ്രതികള്‍ നടത്തിയിരുന്നത്. കോടികളുടെ നിക്ഷേപമാണ് ഈ ബിസിനസിലുള്ളതെന്നും ഇതും ബാങ്ക് തട്ടിപ്പിലൂടെ നേടിയ പണമാണെന്നുമാണ് അന്വേഷണസംഘം കരുതുന്നത്.
പ്രതികള്‍ക്ക് നാലു കമ്പനികളില്‍ പങ്കാളിത്തമുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.