അബുദബി- ബിസിനസ് സംരംഭം തുടങ്ങാനുള്ള ഫീസുകള്‍ 90 ശതമാനത്തിലേറെ വെട്ടിക്കുറച്ച് അബുദബി സര്‍ക്കാര്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. യുഎഇയിലും ആഗോള തലത്തിലും ബിസിനസ് രംഗത്തെ മത്സരക്ഷമത വര്‍ധിപ്പിക്കാനും കൂടുതല്‍ നിക്ഷേപകരെ എമിറേറ്റിലേക്ക് ആകര്‍ഷിക്കാനുമാണ് സര്‍ക്കാര്‍ പദ്ധതി. ജൂലൈ 27 മുതലാണ് പുതിയ ഇളവുകള്‍ ലഭിക്കുക. ഇതു പ്രകാരം അബുദബി എമിറേറ്റില്‍ വെറും 1000 ദിര്‍ഹം (272 ഡോളര്‍) മുടക്കി പുതിയൊരു ബിസിനസ് തുടങ്ങാനാകും. കൂടുതല്‍ സംരംഭകരെയും നിക്ഷേപകരേയും ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. യുഎഇയില്‍ കോര്‍പറേറ്റ് നികുതികള്‍ തീരെ ഇല്ല. ഒരു ബിസിനസ് തുടങ്ങുന്നതിന് വിവിധ വകുപ്പുകളില്‍ പല ഫീസുകളും അടക്കേണ്ടതുണ്ടായിരുന്നു. പുതിയ പദ്ധതി പ്രകാരം ഇവയില്‍ മിക്ക ഫീസും അടക്കേണ്ടതില്ല. അടക്കേണ്ട മറ്റു ഫീസുകള്‍ ഗണ്യമായി വെട്ടിക്കുറക്കുകയും ചെയ്തിരിക്കുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസ് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അപ്രധാന നികുതികള്‍ ഇല്ലാത്ത രാജ്യമാണ് യുഎഇ എന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇക്കണൊമിക് കോഓപറേഷന്‍ ആന്റ് ഡെവലപ്‌മെന്റ് (ഒഇസിഡി) പറയുന്നു. ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തുന്ന നികുതികള്‍ പരിഷ്‌ക്കരിക്കാനുള്ള ഒഇസിഡിയുടെ ചരിത്രപരമായ കരാറിനെ യുഎഇ കഴിഞ്ഞ ദിവസം സ്വാഗതം ചെയ്തിരുന്നു. രാജ്യാന്തര നികുതി സംവിധാനം പരിഷ്‌ക്കരിക്കാനുള്ള തീരുമാനത്തെ 130ലേറെ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.