നിങ്ങളുണ്ടെങ്കിൽ ഞാൻ റെഡി.
ഇതായിരുന്നു അവളുടെ അവസാനത്തെ മെസേജ്. ജീവിതത്തെ കുറിച്ചുള്ള വലിയൊരു ചർച്ച ദൃഢനിശ്ചയത്തോടെയുള്ള ഒരു പ്രഖ്യാപനത്തിൽ ഉപസംഹരിച്ചിരിക്കയാണ്. രണ്ടും കൽപിച്ചുള്ള തീരുമാനം എന്നൊക്കെ പറയാറില്ലേ.. അതു തന്നെ.
ഓഫീസിലേക്കിറങ്ങാൻ നേരമായി. കുളിയും പ്രാഥമിക കൃത്യങ്ങളും ബാക്കി കിടക്കുകയാണ്. മൽബു ആ മെസേജിലേക്കു തന്നെ തുറിച്ചു നോക്കി. അവസാനം ചേർത്തിരിക്കുന്ന സ്‌മൈലി ഇന്ന് പതിവിലേറെ ഉഷാറായി ചിരിക്കുന്നുണ്ടോ എന്നൊരു സംശയം.
മൽബി എഴുന്നേറ്റിട്ടില്ല. നല്ല ഉറക്കത്തിലാണ്. സ്മാർട്ട് ഫോണിന്റെ വെളിച്ചത്തിൽ ശബ്ദമുണ്ടാക്കതെ മൽബു ബെഡ് റൂമിൽനിന്ന് സിറ്റിംഗ് റൂമിലെത്തി.
മെസേജുകൾ ഓരോന്നായി നോക്കിത്തുടങ്ങി. ഇതിപ്പോൾ ഒരു ശീലമായിട്ടുണ്ട്. നേരത്തെ തന്നെ ഓഫീസിലേക്ക് പുറപ്പെടാനാണ് അലാറം വെച്ച് ഉണരാറുള്ളതെങ്കിലും അതു നടക്കാതായി.
ആരേലും അത്യാവശ്യ മെസേജ് വല്ലതും അയച്ചിട്ടുണ്ടോ എന്നു നോക്കാനാണ് ഫോൺ എടുക്കാറുള്ളതെങ്കിലും ഒന്നിനു പിറകെ ഒന്നായി തീരാത്ത മെസേജുകൾ നോക്കിക്കൊണ്ടിരിക്കും.
ഉസ്താദ് പറഞ്ഞതു തന്നെയാണ് ശരി. മനുഷ്യരെക്കൊണ്ട് ചുമതലകളും ഉത്തരവാദിത്തങ്ങളും വിസ്മരിപ്പിക്കാനും കയറില്ലാതെ പിടിച്ചുകെട്ടാനും ഇറങ്ങിയിരിക്കുന്ന ചെകുത്താനാണിത്.
ഫോണിന്റെ മുകളിൽ ചെകുത്താന്റെ രണ്ട് ചെവി വളർന്നു വരുന്നതു പോലെ തോന്നിയ മൽബു ഫോൺ താഴെ വെച്ച് വാഷ് റൂമിലേക്ക് കയറി.
ഇതു തന്നെയാണ് പതിവ്. മിക്ക ദിവസങ്ങളിലും സ്വന്തം തീരുമാനങ്ങളേയും പ്രഖ്യാപനങ്ങളേയും ഫേസ്ബുക്കിലൂടെയും വാട്ട്‌സാപ്പിലൂടെയും വേറെ ആരെങ്കിലും മെസേജുകളും വീഡിയോകളും അയച്ച് സ്വാധീനിക്കുന്നു. കൃത്യ സമയത്തു തന്നെ ഓഫീസിൽ എത്തണമെന്ന പ്രതിജ്ഞ അങ്ങനെ ലംഘിക്കപ്പെടുന്നു.
കട്ടൻ ചായ പോലും കുടിക്കാതെ മൽബു ധിറുതി പിടിച്ച് ഓഫീസിലേക്ക് ഇറങ്ങിയ ശേഷമാണ് മൽബി ഉണർന്നത്.
കട്ടിലിൽനിന്ന് എഴുന്നേറ്റയുടൻ കൈ സ്മാർട്ട് ഫോണിലേക്ക് നീണ്ടു. രാത്രി അയച്ച മെസേജുകൾക്ക് ആരെങ്കിലും മറുപടി അയച്ചിട്ടുണ്ടോ? ഫേസ് ബുക്ക് പോസ്റ്റിന് ലൈക്ക് കൂടിയിട്ടുണ്ടോ എന്നൊക്കെ നോക്കി.
ദേ മിസിസ് മൊയ്തു ഒരു മെസേജ് അയച്ചിട്ടുണ്ട്.
അങ്ങനയത് തീരുമാനമായി. മാർച്ചോടെ നാട്ടിലേക്ക്. ഇതാണ് മെസേജ്.
ഇതിപ്പോൾ മിസിസ് മൊയ്തുവിന്റെ മാത്രം കാര്യമല്ല. എല്ലാ സൗദിച്ചികളും ഇപ്പോൾ പറയുന്ന കാര്യമാണ്: മാർച്ചിൽ നാടു പിടിക്കും.
മിസിസ് മൊയ്തുവിനോട് വാട്ട്‌സാപ്പിൽ ചോദിച്ചു.
ആരാ തീരുമാനിച്ചത്. നിങ്ങളാണോ.. അതോ മൊയ്തു അടിച്ചേൽപിച്ചതാണോ?
ഏയ്, ഞങ്ങൾ രണ്ടു പേരുമല്ല തീരുമാനിച്ചത്. ബോസ് തീരുമാനിച്ചതാണ്.
എന്തേയ്.. മൊയ്തുവിനെ കമ്പനി പിരിച്ചുവിട്ടോ?
കരിനാക്കെടുക്കല്ലേ.. പിരിച്ചുവിട്ടതല്ല. തീരുമാനമെടുക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത് കമ്പനിയാണ്. ശരിക്കും പറഞ്ഞാൽ അതിനു പിന്നിൽ സ്പ്ലിറ്റ് വെക്കേഷൻ എന്ന സങ്കൽപമാണ്.
അതെങ്ങനെ? എന്താണ് സ്പ്ലിറ്റ് വെക്കേഷൻ?
ഞങ്ങൾ കുറെ ദിവസങ്ങളായി ചൂടുപിടിച്ച ചർച്ചയിലായിരുന്നു. ഫാമിലി ലെവിയും കുട്ടികളുടെ പഠനവും സാധനങ്ങളുടെ വിലയും കറണ്ട് ചാർജും ഒക്കെക്കൂടി ഇനി ഇവിടെ നിൽക്കാൻ കഴിയില്ല. ആരും സമ്മതിക്കുന്ന കാര്യം. മാർച്ചിൽ സ്‌കൂൾ അടക്കുമല്ലോ. അപ്പോൾ നാടു പിടിച്ചാൽ കുട്ടികളെ എതെങ്കിലും നല്ല സ്‌കൂളിൽ ചേർക്കാം.
ചർച്ച പോലെ തീരുമാനവും നീണ്ടുപോകുകയായിരുന്നു. അതിനിടെയാണ് ഇന്നലെ ഇക്ക ബോസുമായി സംസാരിച്ചത്. ബോസ് മലയാളിയാണല്ലോ? മൂപ്പരാണ് ഈ ഐഡിയ മുന്നോട്ടു വെച്ചത്.
ഫാമിലിയെ തിരിച്ചയക്കുക, എന്നിട്ട് സ്പഌറ്റ് വെക്കേഷനെടുക്കുക. അതായത് വർഷത്തിൽ ഒരു മാസത്തെ അവധി ഒരുമിച്ചെടുക്കുന്നതിനു പകരം രണ്ടോ മൂന്നോ പ്രാവശ്യമായി എടുക്കൂ. ബോസും ഫാമിലിയെ വിടുകയാണെന്നു പറഞ്ഞു. ഇനിയും ഇവിടെ തുടരുന്നത് വലിയ റിസ്‌കാണ്. പിന്നെ വർഷം മൂന്ന് പ്രാവശ്യം നാട്ടിൽ പോകാമല്ലോ. രണ്ട് പെരുന്നാളും പിന്നെ ഒരു വാർഷിക വെക്കേഷനും.
ബോസിനു പോലും രക്ഷയില്ലെങ്കിൽ പിന്നെ എങ്ങനെ നമ്മൾ നിൽക്കും. അതുകൊണ്ട് മാർച്ചിൽ ഞാനും പിള്ളേരും ഫൈനൽ എക്‌സിറ്റിൽ പോകാൻ തീരുമാനിച്ചു. ഇക്ക വർഷത്തിൽ മൂന്ന് തവണ നാട്ടിലേക്ക് വരും. ഓവർ ടൈമൊക്കെ കൂട്ടി രണ്ട് പെരുന്നാൾ അവധിയോടൊപ്പം കുറച്ചു ദിവസങ്ങൾ അധികം കിട്ടുമായിരിക്കും.
നല്ല തീരുമാനം -മൽബി പറഞ്ഞു. സ്‌കൂൾ അഡ്മിഷനൊക്കെ ശരിയാക്കിയോ?
തീരുമാനമായിട്ടല്ലേയുള്ളൂ. ഇനിയിപ്പോ അതൊക്കെ നോക്കണം. അതു പോട്ടെ, നിങ്ങളുടെ തീരുമാനം എന്തായി? മാർച്ചിൽ തന്നെ നാട്ടിലേക്കുണ്ടോ?
ഇന്നലെ രാത്രി ഞാനൊരു ഫൈനൽ മെസേജ് അയിച്ചിട്ടുണ്ട്. അതിനു മൂപ്പരുടെ മറുപടി ഇതുവരെ കിട്ടിയിട്ടില്ല.
ആരുടെ മറുപടി. സ്‌കൂൾ അഡ്മിഷനു വേണ്ടിയാണോ?
അല്ലാന്നേ.. കെട്ട്യോൻ മൽബുവിന്.
മൽബുവിന് മൽബി മെസേജ് അയച്ചുവെന്നോ? അതു നേരിട്ട് പറഞ്ഞാൽ പോരേ.
അതിപ്പോൾ അങ്ങനെയാണ്. പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാറുള്ളത് വാട്ട്‌സാപ്പ് വഴിയാണ്. നേരിട്ട് സംസാരിക്കാൻ സമയം കിട്ടാറേ ഇല്ല. മെസേജുകൾ നോക്കി ഉറങ്ങാൻ ലേറ്റാകും. രാവിലെ ഞാൻ ഉണരുന്നതിനു മുമ്പേ കട്ടൻ പോലും കുടിക്കാതെ മൂപ്പര് ഓഫീസിലേക്കോടും.
അപ്പോൾ വാട്ട്‌സാപ്പ് തന്നെയാ നല്ലത്.
അതേയ്, മറുപടി വന്നിട്ടുണ്ട്. നോക്കട്ടെ.
ഞാനും പിള്ളേരും മാത്രം എക്‌സിറ്റിൽ പോയാ മതീന്ന്. നിങ്ങടെ മൊയ്തുവിനെ പോലെ മൂപ്പരും സ്പ്ലിറ്റ് വെക്കേഷൻ എടുത്ത് വർഷത്തിൽ മൂന്ന് തവണ വന്നോളാന്ന്.