പൊതുജീവിതത്തിൽ രണ്ടു കാര്യം നിത്യസത്യം. ഒന്ന്, ഫോൺ ഉണ്ടെങ്കിൽ അത് എപ്പോഴും എവിടെയും ചോർത്തപ്പെടും. രണ്ട്, ആരോ എവിടെയോ ചോർത്തിത്തരുന്നതാണെന്ന് അറിയുമ്പോഴും ആ വിവരം സുവിശേഷം പോലെ വിതരണം ചെയ്യപ്പെടും. ഫോൺ ഉള്ളവരും ചോർന്നു കിട്ടിയതാണ് വിവരമെന്ന് ബോധ്യമുള്ളവരും കാലാകാലമായി അനുഭവിച്ചറിയുന്നതാണ് ഈ വസ്തുത.
ഫോൺ ചോർത്താൻ ഉപയോഗിക്കുന്ന പുതിയ ജൂതസങ്കേതമാണ് പെഗാസസ്. ഇസ്രായൽ എന്തുകൊണ്ട് അവരുടെ കണ്ടുപിടിത്തത്തിന് ഒരു യവന നാമം സ്വീകരിച്ചു എന്നറിയില്ല. ഇപ്പോഴത്തെ ഇന്ത്യൻ സാഹചര്യത്തിൽ ഇവിടെയാണ് അതു കണ്ടുപിടിക്കുന്നതെങ്കിൽ ഗരുഡൻ എന്നോ മറ്റോ ആയിരിക്കും പേരിടുക. അസാധാരണമായ സിദ്ധിയും ശക്തിയും ഉള്ള ഗരുഡൻ ദൈവത്തിന്റെ വാഹനമാകുന്നു. അതിന്റെ സർഗ വൈഭവമെവിടെ? ചിറകുള്ള കുതിരയെവിടെ?
പെഗാസസ് ഏതു വിഭാഗത്തിൽ പെടും? കാലുണ്ട്, പക്ഷേ മൃഗമല്ല, ചിറകുണ്ട് പക്ഷേ പക്ഷിയല്ല. അങ്ങനെ എളുപ്പം പിടി കൊടുക്കാത്ത പറ പറക്കും കുതിരയായിരിക്കുന്നു പെഗാസസ്. പുരാവൃത്തങ്ങളുടെ ചുവടു പിടിച്ച്, പെഗാസസിന്റെ കഥയും ചോരയുടെയും കൊലയുടെയും പലായനത്തിന്റെയും പശ്ചാത്തലം സൃഷ്ടിക്കുന്നു.
ഒരു പകയിൽനിന്നൊഴുകിയ ചോരയിൽ പൊട്ടിമുളച്ചതാണ് പെഗാസസ്. പറ പറക്കുകയും കുതി കുതിക്കുകയും ചെയ്യുന്ന ജീവി. വേഗത്തിന്റെയും ശക്തിയുടെയും സമന്വയം. പറക്കുന്നതിനിടയിൽ പെഗാസസിന്റെ കുളമ്പ് കൊണ്ട് ഒരു കുന്നിൻ മുകളിൽനിന്ന് നിലയ്ക്കാത്ത നീരുറവ പൊട്ടി. അങ്ങനെ നീളുന്നു പെഗാസസിന്റെ പുരാവൃത്തം.
ഏതു ഫോണിലും പിടിപ്പിച്ചാൽ വായ് മാറുന്ന വിവരമെല്ലാം വാർത്തെടുക്കാൻ പോന്നതത്രേ പുതിയ പെഗാസസ് സങ്കേതം. ചോർത്തുന്നതാണ് സത്യം എന്നൊരു കൂട്ടർ. സത്യം ചോരുന്നതേയല്ല എന്ന് മറ്റൊരു കൂട്ടർ. ആരു ചോർത്തി എന്നറിയില്ല. എന്തു ചോർത്തി എന്നുമറിയില്ല. പുതിയൊരു പറവ ചിറകടിച്ചെത്തും വരെ പെഗാസസിനെപ്പറ്റിയുള്ള വർത്തമാനം തുടരും.
ചോർത്തിയ ഫോണുകളുടെ ഉടമകളിൽ അനിവാര്യമായും രാഷ്ട്രീയ കോമരങ്ങളും മാധ്യമ പ്രവർത്തകരും ഉൾപ്പെടുന്നു. രഹസ്യം എന്നു കരുതിയ ചിലത് കൈവശമുള്ള ആരുടെയും, വ്യവസായികളുടെയും അഭിസാരികകളുടെയും തപോധനന്മാരുടെയും ഫോൺ ചോർത്തപ്പെടാം. ചോർത്തിയെടുക്കാൻ ഒരു വിവരവും ഒളിപ്പിക്കാൻ നോക്കാത്ത ഒരു ഫോൺ കൊണ്ട് എന്ത് പ്രയോജനം?
പെഗാസസ് വഴിയോ അല്ലാതെയോ പലരും ചോർത്താൻ ശ്രമിക്കുന്നതാണ് മാധ്യമ പ്രവർത്തകനായ ജെ. ഗോപീകൃഷ്ണന്റെ ഫോൺ. വാർത്ത വന്ന വഴിയേ വാർത്തക്കാരുടെ അന്വേഷണവും ഗോപിയിലേക്ക് എത്തി.
എന്തു ചോർത്തി? എന്തിനു ചോർത്തി? എങ്ങനെ ചോർത്തി? പതിവു ചോദ്യങ്ങൾ തന്നെ ഗോപിയും കേട്ടിരിക്കും? ഗോപിയുടെ മുഖവും ഏതാനും വാക്കുകളും ടെലിവിഷനിലും കണ്ടു/കേട്ടു. പക്ഷേ അതൊക്കെ ചോർത്തിയവരോടു ചോദിക്കണ്ടേ?
കൂടെക്കൂടെ തലക്കെട്ട് തീർക്കുകയും പലരുടെയും ഉറക്കം കെടുത്തുകയും ചെയ്ത റിപ്പോർട്ടുകളുടെ ലേഖകനാണ് ഗോപീകൃഷ്ണൻ. അതിനു ഭാഗ്യം വേണം. പ്രത്യുൽപന്നമതിത്വം വേണം. വിശ്വാസ്യത വേണം. ഇതെല്ലാം തികഞ്ഞ ഗോപിയുടെ റിപ്പോർട്ട്് ആരു വഴി ചോർന്നു എന്നറിയാൻ എല്ലാവർക്കും കൗതുകം കാണും. ചമ്മിപ്പോയവർക്കും നീറിപ്പുകയുന്നവർക്കും കൗതുകം കൂടുതൽ ആവും. ഗോപിയുടെ ഫോണിൽ ഇനിയെന്ത് അടയിരിക്കുന്നുവെന്നറിയാൻ പലരും ശ്രമിക്കാതിരിക്കില്ല. പക്ഷേ അതുകൊണ്ടെന്തു ഫലം?
സൗജന്യമായി അൽപം പ്രശസ്തി കിട്ടി എന്നായിരുന്നു ഗോപിയുടെ പ്രതികരണം. ആരെങ്കിലുമൊക്കെ ചോർത്താൻ കാത്തിരിക്കുന്നതാണ് തന്റെ ഫോൺ എന്നു വന്നാലല്ലേ കേമത്തം ഉണ്ടാവൂ? എരിവും പുളിയും ചവർപ്പുമുള്ള കാര്യങ്ങൾക്കും അവയെപ്പറ്റിയുള്ള വാദപ്രതിവാദങ്ങൾക്കും വാഹകമാകാത്ത ഫോൺ എന്തു ഫോൺ?
ഗോപിയെ വല്ലപ്പോഴും വിളിക്കാൻ ഉപയോഗിച്ചിട്ടുണ്ടെന്നതാണ് എന്റെ ഫോണിന്റെ പ്രാധാന്യം. നീണ്ട സംസാരത്തിനൊന്നും വിഷയമില്ല. സാമ്രാജ്യങ്ങളെ പോയിട്ട് ഒരു ശീട്ടുകെട്ടു പോലും അട്ടിമറിക്കുന്ന ശീലവും ശേഷിയും എനിക്കില്ല. എന്നാലും ഗോപിയുടെ ചോർത്തപ്പെടുന്ന ഫോണിൽ നിർഗുണമായ എന്റെ സംസാരവും പതിഞ്ഞിരിക്കാമെന്ന് എനിക്കും ഊറ്റം കൊള്ളാം.
ഒരു സ്ഥാപനത്തെപ്പറ്റി എനിക്കു കിട്ടിയ ചില തുണ്ടു വാർത്തകൾ വന്ന വഴി തിട്ടപ്പെടുത്താൻ സംസ്ഥാനത്തെ അപസർപ്പക വീരന്മാർ നിയോഗിക്കപ്പെട്ടു. ആർക്കും വിമർശിക്കാൻ വയ്യാത്തതായിരുന്നു ആ ഇടം. അഹിതമായി എന്തെങ്കിലും എഴുതാൻ പുറപ്പെടുന്നവരെ പരസ്യം കൊടുത്ത് ഒതുക്കും. അല്ലെങ്കിൽ പരാതിയാവും. സ്ഥാപനത്തിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും സെക്രട്ടറിയും മറ്റും മറ്റുമായ ആൾ എല്ലാവരെയും വരച്ച വരയിൽ നിർത്തും.
എനിക്കു വാർത്ത കിട്ടുന്നത് ഏതു വഴിക്കെന്നറിയാൻ അദ്ദേഹം സ്‌പെഷ്യൽ ബ്രാഞ്ചിന്റെ മേധാവിയെ തന്നെ സമീപിച്ചു. ശുദ്ധഗതിക്കാരനായ മുതിർന്ന രഹസ്യപ്പോലിസ് മേധാവി വാർത്തയുടെ ഉറവിടം തേടി പോകലല്ല തന്റെ ജോലി എന്നു പറഞ്ഞ് മാറിയില്ല. അദ്ദേഹം ഒരു ഉശിരൻ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. വാർത്തയുടെ ഉറവിടം കണ്ടുപിടിക്കാൻ അദ്ദേഹം പോയ വഴി ഫോൺ ചോർത്തൽ ആയിരുന്നില്ല.
ഫോൺ ചോർത്താൻ എളുപ്പമല്ല. സവിശേഷമായ അനുമതി വേണം. വ്യക്തമായ വ്യവസ്ഥകൾ പാലിക്കണം. സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളൊന്നും അങ്ങനെ ഫോണിലൂടെ ചോർത്താവുന്ന രീതിയിൽ സ്വബോധമുള്ള ആരും ചർച്ച ചെയ്യില്ല. തന്റെ ഫോൺ ചോർത്തുന്നുണ്ട് എന്ന് പരാതിപ്പെടുന്ന ചിലരെ കണ്ടിട്ടില്ലേ? ഫോൺ അവ്യക്തമാവുകയോ കലപില കൂട്ടുകയോ ചെയ്താൽ ഉറപ്പായി, ആരോ ചോർത്തുകയാവും. എന്റെ ആ ധാരണ പൊളിച്ചത് ഒരു പോലിസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഊറിച്ചിരിച്ചുകൊണ്ടു പറഞ്ഞു: 'ഗോവിന്ദൻ, നിങ്ങളുടെ ഫോൺ തീർത്തും സ്ഫുടവും വ്യക്തവുമാണെങ്കിൽ സൂക്ഷിക്കുക, ആ അവസ്ഥയിലേ ചോർത്തൽ ഫലപ്രദമാകൂ.'
എന്റെ വാർത്ത വന്ന വഴി കണ്ടുപിടിക്കാൻ ചുമതലപ്പെട്ട ഇൻസ്‌പെക്ടർക്ക് ആ നൂലാമാലകളിലൂടെ തപ്പിത്തടയാനൊന്നും ക്ഷമ ഉണ്ടായിരുന്നില്ല. രഹസ്യം തുറക്കാൻ ഏറ്റവും നല്ല വഴി എന്നോട് ചോദിക്കുകയായിരുന്നു. അത് അദ്ദേഹം ചോദിക്കുകയും ചെയ്തു. വാക്കാൽ ചോദിച്ചപ്പോൾ എഴുതിത്തരാൻ ആവശ്യപ്പെട്ടു, ഞാൻ. എഴുതിക്കഴിഞ്ഞപ്പോൾ അത് തപാലിൽ അയക്കാൻ പറഞ്ഞു. ഒടുവിൽ മുഷിഞ്ഞ ഉദ്യോഗസ്ഥൻ തന്നോടെന്ന പോലെ ഞാൻ കേൾക്കേ പറഞ്ഞു:'ഞാൻ ഫയൽ അടക്കുന്നു. വിവരം കിട്ടാനായില്ല.'
അദ്ദേഹത്തെ സമാധാനിപ്പിക്കാനും സന്ധിയിലേക്കു നയിക്കാനുമായി ഞാൻ പറഞ്ഞു: 'മുഷിയണ്ട. എന്റെ റിപ്പോർട്ട് വന്ന വഴി തേടിപ്പോവണ്ട. സർക്കാരിന്റെ അച്ചടിച്ച രേഖകളിൽനിന്ന് കോർത്തെടുത്തതാണ് അതൊക്കെ. പലയിടത്ത് ചിതറിക്കിടക്കുന്ന വിവരം ഏകോപിപ്പിച്ചെടുക്കുകയും യുക്തിസഹമായ നിഗമനങ്ങളിലെത്തുകയും ചെയ്തുവെന്നേയുള്ളൂ. അതിന് പേരു പറയാൻ ഇഷ്ടമില്ലാത്ത ആരെങ്കിലും സഹായിച്ചു കാണും. അത്ര തന്നെ.'
അത്ര തന്നെ ലഘുവോ ലളിതമോ അല്ലാത്ത വിവര വിതരണവും നടക്കാം. മതവും വിദേശ ബന്ധവും ചാരവൃത്തിയുമൊക്കെ ഉൾച്ചേർന്ന ഒരു കഥാപരമ്പര ഞാൻ എഴുതുകയുണ്ടായി, പത്തിരുപതു കൊല്ലം മുമ്പ്. വായിക്കുമ്പോൾ ബുദ്ധിമാനായ ഞാൻ ചോർത്തിയെടുത്തതാണെന്നു തോന്നുമെങ്കിലും വാസ്തവത്തിൽ അറിവും പരിചയവുമുള്ള ഒരാൾ വീണ്ടു വിചാരത്തോടെ എനിക്കു പറഞ്ഞുതന്നതായിരുന്നു.
ആവശ്യത്തിന് ചില രേഖകളും എനിക്ക് കൈമാറിയിരുന്നു. അദ്ദേഹത്തിന് അറിയാവുന്ന പോലെ എനിക്കും ഊഹിക്കാമായിരുന്നു, നിഷ്‌കൃഷ്ടമായ ഒരു ലക്ഷ്യം നേടാൻ എനിക്ക് വാർത്ത ചോർത്തിത്തരികയായിരുന്നു.
ആവേശം തള്ളിവന്നു. എന്നെ ആരോ നിഴൽ പോലെ പിന്തുടരുന്നുവെന്നും എന്റെ വീട്ടിലെ പെട്ടിയും കിടക്കയും പരിശോധിക്കുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്റെ വാർത്താപ്രഭവം അതൊക്കെ ഒരു പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു. അന്വേഷണം നടക്കട്ടെ. ആരെങ്കിലും എന്റെ മുറിയിൽ കയറിയിട്ടുണ്ടെങ്കിൽ ഒന്നും അലങ്കോലപ്പെടുകയില്ല. അതാണ് സമർഥമായ പരിശോധനയുടെ ലക്ഷണം.
പിന്നെ എനിക്ക് അതിന്റെ പൊരുൾ പിടികിട്ടി. എനിക്ക് വിവരം പകർന്നു തന്ന ആൾ തന്നെയാകുമോ അത്, എങ്ങനെ ആർ പകർന്നു തന്നു എന്നന്വേഷിക്കാൻ ഏർപ്പാടു ചെയ്തത്? പണ്ടൊരു സർക്കാർ മേധാവി തന്റെ ചില പൊള്ളുന്ന ഫയലുകൾ ഉദ്ധരിച്ചുകൊണ്ടു വന്ന പത്രറിപ്പോർട്ട് എങ്ങനെ വന്നു എന്നറിയാൻ കൽപന പുറപ്പെടുവിച്ചു. ഒരാഴ്ച കഴിഞ്ഞ് അന്വേഷിച്ച ഉദ്യോഗസ്ഥൻ സ്വകാര്യമായി പറഞ്ഞു, പത്രറിപ്പോർട്ടറുടെ പാദപതനം ചീഫ് സെക്രട്ടറിയുടെ ആപ്പീസിൽ തുടങ്ങുകയും ഒടുങ്ങുകയും ചെയ്തതായി തെളിയുന്നു. പിന്നെ അന്വേഷണമുണ്ടായില്ല.