കൊല്ലം - വിസ്മയ കേസില്‍ പ്രതിയും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനുമായ ഭര്‍ത്താവ് കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ കൊല്ലം ജില്ലാ സെഷന്‍സ് കോടതി തള്ളി. കോവിഡ് ബാധിച്ചതിനാല്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചതിനെ തുടര്‍ന്ന് കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. കഴിഞ്ഞ ബുധനാഴ്ചയാണ് ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കോടതിയില്‍ പൂര്‍ത്തിയായത്.
ജാമ്യം നല്‍കുന്നതിനെ നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. അഭിഭാഷകനായ ബി.എ. ആളൂരാണ് പ്രതിക്ക് വേണ്ടി ഹാജരായത്. ജൂണ്‍ 21 ന് പുലര്‍ച്ചെ ആണ് വിസ്മയയെ കിരണ്‍കുമാറിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ ഗാര്‍ഹിക പീഡനത്തിനിരയായതായും പൊലിസിന് തെളിവുകള്‍ ലഭിച്ചിരുന്നു. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരത്തെ കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിന് മുന്നോടിയായിട്ടാണ് കിരണ്‍കുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കുക.