കൊച്ചി- ഐ.എസില്‍ ചേരാന്‍ പോയി അഫ്ഗാനിസ്ഥാനിലെ ജയിലിലായ നിമിഷ ഫാത്തിമയെയും മകളെയും ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടു മാതാവ് നല്‍കിയ ഹരജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടി. നിമിഷ ഫാത്തിമയും കുട്ടിയും ഇപ്പോള്‍ അഫ്ഗാന്‍ ജയിലിലാണ് ഉള്ളത്.
നിമിഷയുടെ മാതാവ് ബിന്ദു സമ്പത്താണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെ, 2013 സെപ്റ്റംബറിലാണ് നിമിഷ മതപരിവര്‍ത്തനം നടത്തി ഫാത്തിമ എന്ന പേരു സ്വീകരിച്ചതെന്ന് പോലീസ് രേഖകള്‍ പറയുന്നു. ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ വിവാഹം ചെയ്തു. ബന്ധുക്കള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയെ തുടര്‍ന്ന് കോടതിയില്‍ ഹാജരായപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്നാവശ്യപ്പെട്ട പ്രകാരം കോടതി വിട്ടയച്ചിരുന്നു.
2016ജൂണ്‍ 4ന് ശേഷം നിമിഷയുമായി വീട്ടുകാര്‍ക്കു ബന്ധപ്പെടാനായിട്ടില്ല. ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്ന് നിമിഷ ഫാത്തിമ വ്യക്തമാക്കിയിട്ടുണ്ടെന്നു ഹരജിയില്‍ പറയുന്നു. നിമിഷയെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ടു ബിന്ദു കഴിഞ്ഞ മാസം ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നു കോടതി വ്യകമാക്കിയതിനെ തുടര്‍ന്നു ഹരജി പിന്‍വലിച്ച ശേഷമാണ് പുതിയ ഹരജി സമര്‍പ്പിച്ചത്.