ആലപ്പുഴ- ഭാര്യാസഹോദരിയെ കൊലപ്പെടുത്തിയ ശേഷം പ്രതി രതീഷ് മൃതദേഹത്തിന്റെ എല്ലുകള്‍ ചവിട്ടിയൊടിച്ചെന്നു പോലീസ്. ഇയാള്‍ രണ്ട് വര്‍ഷമായി മരിച്ച ഹരികൃഷ്ണയുടെ പിന്നാലെയായിരുന്നുവെന്നും യുവതിക്ക് കൂടെ ജോലിചെയ്യുന്നയാളുമായി അടുപ്പമുണ്ടെന്നും അതു വിവാഹത്തിലേക്ക് എത്തുമെന്നുമുള്ള സംശയമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസ് പറഞ്ഞു.
കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡില്‍ തളിശ്ശേരിതറ ഉല്ലാസ് - സുവര്‍ണ ദമ്പതികളുടെ മകളും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്സുമായിരുന്നു മരിച്ച ഹരികൃഷ്ണ (25). യുവതിയുടെ സഹോദരി നീതുവിന്റെ ഭര്‍ത്താവാണ് രതീഷ്.
വെള്ളിയാഴ്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഹരികൃഷ്ണയെ ചേര്‍ത്തല തങ്കി കവലയില്‍ നിന്ന് രതീഷ് തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്സായ നീതുവിന് രാത്രി ഡ്യൂട്ടിയായതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. മക്കള്‍ രതീഷിന്റെ കുടുംബവീട്ടിലുമായിരുന്നു.
വീട്ടിലെത്തിയ ശേഷം കൂടെ ജോലി ചെയ്യുന്ന യുവാവുമായുള്ള ഹരികൃഷ്ണയുടെ ബന്ധത്തെക്കുറിച്ച് ചോദിച്ച് ഇയാള്‍ മര്‍ദിച്ചു. ഹരികൃഷ്ണ ബോധരഹിതയായി വീണു. തുടര്‍ന്ന് പീഡിപ്പിച്ച ശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു.
കൊലപ്പെടുത്തിയ ശേഷവും ചവിട്ടി എല്ലുകള്‍ ഒടിച്ചു. മുറ്റത്തേക്ക് മൃതദേഹം വലിച്ചിറക്കിയെങ്കിലും മഴ പെയ്തതോടെ തിരികെ വീട്ടിലേക്ക് വലിച്ചുകയറ്റിയ ശേഷം പ്രതി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.