Sorry, you need to enable JavaScript to visit this website.

ഐ.എൻ.എൽ: സി.പി.എമ്മിനോട് വിധേയത്വം കാണിക്കുന്നവർ കൂടുതലുള്ളത് വഹാബ് പക്ഷത്ത്

  • കാൽ നൂറ്റാണ്ടിനിടെ രണ്ടാമതും പിളർന്ന് ഇന്ത്യൻ നാഷനൽ ലീഗ്

കോഴിക്കോട്- കാൽ നൂറ്റാണ്ടിനിടെ രണ്ടാമതും പിളർന്ന് ഇന്ത്യൻ നാഷനൽ ലീഗ്. കുറച്ചു കാലമായി പാർട്ടിയിൽ രൂപപ്പെട്ട ഭിന്നതയാണ് ഇന്നലെ കൊച്ചിയിലെ സെക്രട്ടറിയറ്റ് യോഗത്തിലെ അടിപിടിയിലെത്തിയത്. എ.പി. അബ്ദുൽ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ ലക്ഷ്യം അഹമ്മദ് ദേവർ കോവിലിനെ മന്ത്രി സ്ഥാനത്തുനിന്ന് നീക്കുകയെന്നതാണ്. 

മുസ്‌ലിം ലീഗിന്റെ അഖിലേന്ത്യാ പ്രസിഡന്റും ലോക്‌സഭാംഗവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് ആണ് 1994 ൽ ഇന്ത്യൻ നാഷനൽ ലീഗ് രൂപീകരിച്ചത്. ലീഗിലെ പ്രമുഖ നേതാക്കളായ പി.എം. അബൂബക്കർ, സി.കെ.പി. ചെറിയ മമ്മുക്കേയി, എം.ജെ. സകരിയ്യ സേട്ട്, യു.എ.ബീരാൻ എന്നിവർ ഐ.എൻ.എല്ലിൽ ഉണ്ടായിരുന്നു. കേരള രാഷ്ട്രീയത്തിൽ പരിചയ സമ്പന്നരായ ഇവരെല്ലാം വൈകാതെ മരണപ്പെട്ടുപോകുകയായിരുന്നു. 2011 ൽ അന്നത്തെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാമിന്റെയും അഖിലേന്ത്യ യുവജന വിഭാഗം പ്രസിഡന്റ് സിറാജ് സേട്ടിന്റെയും നേതൃത്വത്തിൽ ഒരു വിഭാഗം മുസ്‌ലിം ലീഗിൽ ലയിച്ചു. 


കോഴിക്കോട് ജില്ലയിൽ ആരംഭിച്ച അഭിപ്രായ ഭിന്നതയാണ് ഇപ്പോൾ സംസ്ഥാനാടിസ്ഥാനത്തിലെ പിളർപ്പിൽ എത്തിയത്. 2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ യു.ഡി.എഫുമായി പ്രത്യേകിച്ച് മുസ്‌ലിം ലീഗുമായി സഹകരിച്ചാണ് പലേടത്തും ഐ.എൻ.എൽ മത്സരിച്ചത്. പാർട്ടിയെ ഇടതുമുന്നണിയിലെടുക്കണമെന്ന ആവശ്യം ദീർഘകാലമായിട്ടും അംഗീകരിക്കപ്പെടാത്തതിൽ പ്രതിഷേധിച്ചായിരുന്നു യു.ഡി.എഫുമായുള്ള പരസ്യ സഹകരണം. ഇതിനെതിരെ ഐ.എൻ.എല്ലിൽ പ്രധാനമായും ശബ്ദമുയർത്തിയത് കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. ഇവരിൽ പ്രധാനികളായ ബടേരി ബഷീർ, എൻ.കെ. അബ്ദുൽ അസീസ് എന്നിവരെ പുറത്താക്കാൻ തീരുമാനിച്ചുവെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചതാണ് കൊച്ചിയിലെ യോഗത്തെ സംഘർഷത്തിലെത്തിച്ചത്. 


ബഷീറിനും അസീസിനും എതിരായ പരാതികളെ കുറിച്ച് അന്വേഷിക്കാൻ തീരുമാനിച്ചതിനെ പുറത്താക്കാൻ തീരുമാനിച്ചുവെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ അിറയിച്ചപ്പോൾ അതിനെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള സംസ്ഥാന സെക്രട്ടറി കൂടിയായ ഒ.പി.ഐ.കോയ ചോദ്യം ചെയ്യുകയായിരുന്നു. പി.ടി.എ. റഹീം നേതൃത്വം നൽകിയ നാഷനൽ സെക്കുലർ കോൺഫ്രൻസ് ലയിച്ചതിനെ തുടർന്നാണ് ഒ.പി.ഐ. കോയ സംസ്ഥാന സെക്രട്ടറിയറ്റിലെത്തിയത്. ആറു പേരെ സെക്രട്ടറിയറ്റിലേക്ക് എടുത്തതിൽ മൂന്നു പേരെ പല കാരണങ്ങളാൽ പുറത്താക്കിയിരുന്നു. നാഷനൽ സെക്കുലർ കോൺഫ്രൻസിനെ പുനരുജ്ജീവിപ്പിക്കാൻ ആലോചിക്കുന്നതായി അറിയിച്ചെങ്കിലും പിന്നീട് ഐ.എൻ.എല്ലിൽ തുടരുകയായിരുന്നു. 


സംസ്ഥാന ഘടകത്തിലാണ് ഇപ്പോൾ പിളർപ്പുണ്ടായിരിക്കുന്നതെങ്കിലും വഹാബ് വിഭാഗം അഖിലേന്ത്യാ കമ്മിറ്റിയെ സമീപിക്കില്ല. കാരണം അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് സുലൈമാൻ മറു ഭാഗത്തെ പിന്തുണക്കുന്നുവെന്ന ആക്ഷേപം നേരത്തെ ഉയർന്നതാണ്. അബ്ദുൽ വഹാബിനെ അനുകൂലിക്കുന്നവരും അഹമ്മദ് ദേവർകോവിലിനെ അനുകൂലിക്കുന്നവരുമായാണ് ഐ.എൻ.എല്ലിലെ ചേരിപ്പോരുണ്ടായിരുന്നത്. ദേവർ കോവിൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായി വന്നതിനെ ഈ വിഭാഗം ചോദ്യം ചെയ്തിരുന്നു. അടുത്ത കാലത്താണ് കാസിം ഇരിക്കൂർ സംസ്ഥാന ജനറൽ സെക്രട്ടറിയാവുന്നത്. മാധ്യമം പത്രാധിപ സമിതി അംഗമായിരുന്ന കാസിം നേരത്തെ കണ്ണൂരിൽ സ്ഥാനാർഥിയായിരുന്നു. ഐ.എൻ.എൽ പാർട്ടിയിൽ അച്ചടക്ക നടപടി എടുക്കാനുള്ള പരമാധികാരം ദേശീയ പ്രസിഡന്റിന് നൽകുന്നതാണ് നാഷനൽ ലീഗിന്റെ ഭരണഘടന. മുസ്‌ലിം ലീഗിൽ അഖിലേന്ത്യാ പ്രസിഡന്റിനെ സംസ്ഥാന പ്രസിഡന്റ് നിയന്ത്രിക്കുന്നുവെന്ന പരാതി ഉന്നയിച്ച് രൂപീകരിച്ച പാർട്ടിയെന്ന നിലയിലാണ് അഖിലേന്ത്യാ പ്രസിഡന്റിന് സർവാധികാരം നൽകിയത്. വഹാബിന്റെ അനുകൂലികളായ പലരെയും അഖിലേന്ത്യാ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പുറത്താക്കിയിട്ടുണ്ട്.


അഖിലേന്ത്യാ കമ്മിറ്റിയുടെ പിന്തുണ കാസിം-ദേവർകോവിൽ വിഭാഗത്തിനായിരിക്കുമെന്നുറപ്പാണ്. ഏത് വിഭാഗത്തെ ഇടതുമുന്നണി സ്വീകരിക്കുമെന്നതാണ് ഉറ്റുനോക്കുന്നത്. സി.പി.എമ്മിനോട് വിധേയത്വം കാണിക്കുന്നവർ കൂടുതലുള്ളത് വഹാബ് പക്ഷത്താണ്. മുസ്‌ലിം ലീഗിനോട് കടുത്ത വിരോധം പ്രകടിപ്പിക്കുന്നവരാണ് ഈ പക്ഷത്തെ ഏറെയും പേർ. ദേവർ കോവിലിന്നെതിരെ ലീഗു നേതാക്കളുമായും പ്രവർത്തകരുമായും ബന്ധം പുലർത്തുന്നുവെന്ന ആക്ഷേപം ഉയർത്തിയത് ഈ സാഹചര്യത്തിലാണ്. ദേവർകോവിലിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ലീഗ് നേതാവായ വ്യവസായി 3 ലക്ഷം രൂപ നൽകിയതായും പറയുന്നു. ഏക എം.എൽ.എ.യെ കൈവിടാനും ഇടതുമുന്നണിക്കാവില്ല. ഇതിന്റെ പേരിൽ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയാലും അസംതൃപ്തിക്ക് ഇടയാക്കും. 
പി.ടി.എ. റഹീമിനെ ഐ.എൻ.എല്ലിന് വേണ്ടി മന്ത്രിയാക്കണമെന്ന നിർദേശം ഉണ്ടായിരുന്നു. റഹീം പക്ഷെ ഇടതു സ്വതന്ത്രനായാണ് മത്സരിച്ചത്. നാഷനൽ ലീഗിന് അനുവദിച്ച മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ചവരിൽ അഹമ്മദ് മാത്രമാണ് ജയിച്ചത്. റഹീമിന് വേണ്ടി കാന്തപുരം അബുബക്കർ മുസ്‌ലിയാർ സമ്മർദം ചെലുത്തിയതുമാണ്. 

 

 

Latest News