ജിദ്ദ- കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ 2021-2022 വർഷത്തേക്കുള്ള ഫാമിലി സുരക്ഷാ പദ്ധതി കാമ്പയിൻ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് കൊടുവള്ളി മണ്ഡലം പ്രസിഡന്റ് ഒ.പി അബ്ദുൽ സലാമിന് ഫോമുകൾ നൽകി തുടക്കം കുറിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജിദ്ദയിലെ കോഴിക്കോട് ജില്ലക്കാരായ മുഴുവൻ കെ.എം.സി.സി പ്രവർത്തകരും പദ്ധതിയിൽ അംഗങ്ങളാവണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച അഹമ്മദ് പാളയാട്ട് ആവശ്യപ്പെട്ടു. പദ്ധതി കാലയളവിൽ അത്യാഹിതം സംഭവിക്കുന്ന അംഗത്തിന്റെ കുടുംബത്തിനുള്ള ധനസഹായം രണ്ട് ലക്ഷം രൂപയായി ഉയർത്തിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു. അതോടൊപ്പം പദ്ധതിയിൽ അംഗങ്ങളെ ചേർക്കുന്നത് മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ജില്ലാ കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴിയായിരിക്കുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജില്ലാ ഭാരവാഹികളായ ഹസ്സൻകോയ പെരുമണ്ണ, സുബൈർ വാണിമേൽ, ഷബീർ അലി സിറ്റി, വിവിധ മണ്ഡലം കമ്മിറ്റികളെ പ്രതിനിധീകരിച്ച് അബ്ദുൽ സലാം കൊടുവള്ളി, സംജാദ് ബേപ്പൂർ, ഖാലിദ് പാളയാട്ട്, ലത്തീഫ് പൂനൂർ, ഷമീർ എലത്തൂർ, സാലിഹ് പൊയിൽതൊടി, തഹ്ദീർ വടകര, സലീം, മൻസൂർ സിറ്റി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും, സെക്രട്ടറി ഹാരിസ് വടകര നന്ദിയും പറഞ്ഞു. തഹ്ദീർ ഖിറാഅത്ത് നടത്തി.