പാലക്കാട്- ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് രമ്യാ ഹരിദാസ് എം.പിക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ സി.പി.എം. ഇവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിനെതിരെ പോലീസ് കേസെടുത്തു.
കോണ്‍ഗ്രസ് നേതാക്കളായ വി.ടി. ബല്‍റാം, റിയാസ് മുക്കോളി, പാളയം പ്രദീപ് തുടങ്ങിയ നേതാക്കളോടൊപ്പമാണ് എം.പി ചന്ദ്രാനഗറിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ലോക്ഡൗണ്‍ മാനദണ്ഡം ലംഘിച്ച് ഭക്ഷണം കഴിക്കാനെത്തിയതിനെ ഒരാള്‍ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ കോണ്‍ഗ്രസ് നേതാക്കള്‍ കൈയേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യം പകര്‍ത്തിയത് ആരാണെന്ന് വ്യക്തമായിട്ടില്ല.
സമ്പൂര്‍ണ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന പ്രദേശത്ത് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന നിയമം ലംഘിച്ചാണ് ഇവര്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് എന്നാണ് ആരോപണം. രമ്യ ഹരിദാസ് അടക്കം എട്ട് നേതാക്കള്‍ സംഘത്തില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
അതേസമയം, ഭക്ഷണം കഴിക്കാന്‍ കയറിയതല്ലെന്നും പാഴ്സല്‍ വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നെന്നുമാണ് രമ്യ ഹരിദാസിന്റെ വിശദീകരണം.