Sorry, you need to enable JavaScript to visit this website.

ന്യൂനപക്ഷ സ്‌കോളർഷിപ്പ് വിഷയത്തിൽ സമരം ചെയ്യേണ്ട സഹചര്യമില്ല-കാന്തപുരം

തിരുവനന്തപുരം- ന്യൂനപക്ഷ സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട് സമരം ചെയ്യേണ്ട സഹചര്യം നിലവിലില്ലെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആവശ്യമെങ്കിൽ നിയമവഴി സ്വീകരിക്കാമെന്നും മറ്റു സമുദായങ്ങളുമായി ഭിന്നിപ്പ് ഉണ്ടാകാൻ പാടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കാന്തപുരത്തിന്റെ പ്രതികരണം. 
വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ ഏറെ പിന്നാക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെയും ന്യുനപക്ഷ വിഭാഗങ്ങളുടെയും ഉന്നമനത്തിന് സർക്കാരിന്റെ അടിയന്തിര ശ്രദ്ധയും നടപടികളും ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.  മുസ്ലിംകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച് സർക്കാർ നൽകി വന്നിരുന്ന സ്‌കോളർഷിപ്പ് കേരള ഹൈക്കോടതിയുടെ വിധി പ്രകാരം റദ്ദ് ചെയ്തതിനെ തുടർന്നുണ്ടായ സമുദായത്തിന്റെ ആശങ്ക മുഖ്യമന്ത്രിയുമായി പങ്ക് വെച്ചു. ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളർഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ  ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകിയതായും കാന്തപുരം പറഞ്ഞു.  ഉദ്യോഗ തൊഴിൽ, സേവന മേഖലകളിലും സർക്കാർ, അർദ്ധ സർക്കാർ, ബോർഡ്, കോർപ്പറേഷനുകളിലും ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കണമെന്നും, മലബാർ മേഖലയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങളുടെ അപര്യാപ്തത, പി.എസ്.സി റൊട്ടേഷൻ സമ്പ്രദായം മാറ്റി സ്ഥാപിക്കുക, മറ്റു പൊതുതാത്പര്യ വിഷയങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.

Latest News