FACT CHECK ഒരു കോളിലൂടെ സ്വകാര്യത ചോര്‍ത്തും; യുഎഇയില്‍ വൈറലായ ഈ സന്ദേശം വ്യാജം

അബുദബി- ഒരു ഫോണ്‍ കോളിലൂടെ വ്യക്തികളുടെ സ്വകാര്യ വിവരങ്ങളെല്ലാം ചോര്‍ത്തുന്ന ഹാക്കര്‍മാരെ കരുതിയിരിക്കണം എന്നൊരു സന്ദേശം ഈയിടെ യുഎഇയില്‍ വൈറലായിരുന്നു. യുഎഇയുടെ ടെലികമ്യൂണിക്കേഷന്‍ ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് റെഗുലേറ്ററി അതോറിറ്റി (ടിഡിആര്‍എ)യുടെ പേരിലുള്ള ഈ സന്ദേശം വാട്‌സാപ്പിലൂടെ കാട്ടുതീ പോലെയാണ് പടര്‍ന്നത്. മൂന്ന് ഫോണ്‍ നമ്പറുകളില്‍ നിന്നും മൂന്ന് കണ്ട്രി കോഡുകളില്‍ നിന്നുമുള്ള കോളുകള്‍ വഴി ഫോണ്‍ ഹാക്ക് ചെയ്യപ്പെടുമെന്നാണ് ഈ വ്യാജ സന്ദേശത്തിലെ മുന്നറിയിപ്പ്. ഈ കോളുകള്‍ വഴി ഹാക്കര്‍മാര്‍ മൂന്ന് സെക്കന്‍ഡിനുള്ളില്‍ നിങ്ങളുടെ ബാങ്ക് വിവരങ്ങളും ഫോണിലെ കോണ്ടാക്ടുകളുമെല്ലാം ചോര്‍ത്തും എന്നും വ്യാജ സന്ദേശത്തിലുണ്ട്. 

എന്നാല്‍ ഇതെല്ലാം വ്യാജമാണെന്ന് ടിഡിആര്‍എ വ്യക്തമാക്കി. ഇങ്ങനെ ഒരു മുന്നറയിപ്പ് തങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഒരു കോളിലൂടെ ഫോണ്‍ ഹാക്ക് ചെയ്ത് ഡേറ്റ ചോര്‍ത്തല്‍ സാധ്യമല്ലെന്നും ടിഡിആര്‍എ വ്യക്തമാക്കി.

ഫോണ്‍ വിളികളിലൂടെ വ്യക്തി വിവരങ്ങളും ബാങ്ക് വിവരങ്ങളും ആര്‍ക്കും കൈമാറരുതെന്ന് യുഎഇ അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ഇടക്കിടെ മുന്നറിയിപ്പ് നല്‍കി വരുന്നുണ്ട്. തട്ടിപ്പുകാര്‍ ബാങ്ക് ഏജന്റ് ചമഞ്ഞ് ആളുകളുടെ സ്വകാര്യ വിവരങ്ങള്‍ ഇത്തരം കോളിലൂടെ ചോര്‍ത്തുകയും പണം തട്ടുകയും ചെയ്യാറുണ്ട്. ഇതൊഴിവാക്കാനാണ് ഫോണിലൂടെ ആര്‍ക്കും വ്യക്തി, ബാങ്ക് വിവരങ്ങള്‍ കൈമാറരുതെന്ന മുന്നറിയിപ്പ്.

Latest News