Sorry, you need to enable JavaScript to visit this website.

ഇപ്പ ശരിയാക്കിത്തരാം എന്ന് കമന്റിട്ട്  റോഡ് പണി പൂര്‍ത്തിയാക്കാത്ത  കരാറുകാരന് തിരിച്ചു പണി കൊടുത്ത് യു. പ്രതിഭ എംഎല്‍എ

ആലപ്പുഴ- കായംകുളം  മണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണം നടത്തുന്നതിനുള്ള കരാര്‍ എടുത്തിട്ടും നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കാത്ത കരാറുകാര്‍ക്ക് മുട്ടന്‍ പണി കൊടുത്ത് കായംകുളം എംഎല്‍എ അഡ്വ. യു പ്രതിഭ. മണ്ഡലത്തിലെ റോഡുകളുടെ നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിട്ടും നിര്‍മ്മാണം ആരംഭിക്കാത്ത കരാറുകാരുടെ പേരും ഫോണ്‍ നമ്പറും തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് എംഎല്‍എ കോണ്‍ട്രാക്ടര്‍മാര്‍ക്കു പണി കൊടുത്തിരിക്കുന്നത്. കരാര്‍ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാതിരിക്കുകയും പാതിവഴിയില്‍ നിര്‍ത്തിവെക്കുകയും ചെയ്യുന്ന കരാറുകാര്‍ വ്യാപകമാണ്. അത്തരം പരാതികള്‍ കായംകുളം മണ്ഡലത്തിലും നിരവധിയാണ്. എംഎല്‍എ എന്ന നിലയില്‍ ഭരണാനുമതിയും സാങ്കേതികാനുമതിയുമടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുകയും നിര്‍മ്മാണം തുടങ്ങുന്നതിനു നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ അലംഭാവം കാണിക്കുന്ന കരാറുകാരുടെ നടപടിയില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നതെന്ന് എംഎല്‍എ പറയുന്നു. നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മണ്ഡലത്തില്‍ നടത്തിയത്. ചില റോഡുകള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ സമയബന്ധിതമായി നിര്‍മ്മാണം നടത്താത്തത് എംഎല്‍എ എന്ന നിലയില്‍ വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം ഉന്നയിക്കുന്നു.
യഥാര്‍ഥത്തില്‍ കരാറുകാര്‍ ജനങ്ങളെ വഞ്ചിക്കുന്നു എന്ന് മാത്രമല്ല പൊതുമുതല്‍ നശിപ്പിക്കുന്നതിന് വഴിയൊരുക്കുകയാണ് ചെയ്യുന്നതെന്നും എംഎല്‍എ വിമര്‍ശിച്ചു. 'വെള്ളാനകളുടെ നാട്' എന്ന സിനിമയിലെ കുതിരവട്ടം പപ്പു ട്രാക്ടര്‍ ശരിയാക്കുന്ന രംഗത്തിന്റെ ചിത്രങ്ങള്‍ സഹിതം പങ്കുവെച്ചാണ് എംഎല്‍എയുടെ പോസ്റ്റ്. റോഡുകള്‍ ശരിയാക്കുന്നതിനു നടപടി സ്വീകരിക്കാതിരുന്ന കരാറുകാരുടെ ഫോണ്‍ നമ്പര്‍ സഹിതം എംഎല്‍എ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ കരാറുകാരുടെ മൊബൈലിലേക്ക് ജനങ്ങള്‍ വിളിച്ചു തുടങ്ങി. 
 

Latest News