കൊച്ചി- നിലവിലുള്ള പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇനിയും ദീർഘിപ്പിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആസൂത്രിത ഗൂഢാലേചനയുടെ ഭാഗമാണെന്ന് സംശയിക്കുന്നതായി മുസ്‌ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ (മെക്ക) സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ അലി ആരോപിച്ചു. ഇക്കാലമത്രയും ഇടതു-വലതു സർക്കാരുകളും പി.എസ്.സിയും പ്രത്യേക സാഹചര്യങ്ങളിൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി പരമാവധി നാലര വർഷം വരെ ദീർഘിപ്പിക്കുന്ന കീഴ്‌വഴക്കമാണുണ്ടായിരുന്നത്. ഇപ്പോഴത്തെ തീരുമാനത്തിനു പിന്നിൽ മുന്നോക്ക വിഭാഗങ്ങൾക്ക് ഇ.ഡബ്ല്യു.എസ് സംവരണ തസ്തികകളുടെ പേരിൽ കൂടുതൽ നിയമനങ്ങൾ നേടിയെടുക്കുവാൻ അവസരം സൃഷ്ടിക്കുകയെന്ന തന്ത്രവുമുണ്ടെന്നും എൻ.കെ അലി ആരോപിച്ചു. കാലാവധി ദീർഘിപ്പിക്കുകയില്ല എന്നു പ്രഖ്യാപിച്ചിട്ടുള്ള റാങ്കു ലിസ്റ്റുകൾ എല്ലാം പിന്നോക്കവിഭാഗ സംവരണക്കാർക്ക് മാത്രമായി 50 ശതമാനം മെറിറ്റും 50 ശതമാനം സംവരണവും ഉറപ്പുവരുത്തുവാൻ ഉതകുന്ന വിധത്തിലുള്ളതാണ്. ഈ ലിസ്റ്റുകൾ എല്ലാം മുന്നോക്ക സംവരണ തീരുമാനത്തിന് മുമ്പുള്ളവയുമാണ്. പ്രസ്തുത ലിസ്റ്റുകളുടെ കാലാവധി ദീർഘിപ്പിക്കാതെ കാലഹരണപ്പെടുത്തിയാൽ പുതുതായി വരുന്ന ലിസ്റ്റുകളിലുള്ള പത്തു ശതമാനം മുന്നോക്ക സംവരണ വിഭാഗത്തിന്ത് പരമാവധി അവസരം സൃഷ്ടിക്കുവാൻ സാഹചര്യം ഒരുങ്ങുന്നതാണ്. പിഎസ്‌സിയിലേയും രാഷ്ട്രീയ കക്ഷികളിലെയും പിന്നോക്കവിരുദ്ധ സംവരണവിരുദ്ധ ലോബിയുടെ ഗൂഢാലോചനയും ഉപദേശവും സംശയിക്കുന്നുവെന്നും എൻ.കെ അലി വ്യക്തമാക്കി. ഒഴിവുകൾ പൂർണമായും റിപ്പോർട്ട് ചെയ്യിക്കാതെയും റാങ്ക് ലിസ്റ്റുകളുടെ കാലാവധി നിയമാനുസൃതം മുൻകാലങ്ങളിലെപ്പോലെ ദീർഘിപ്പിക്കാത്തത് പിന്നോക്ക സംവരണ സമുദായങ്ങൾക്ക് കനത്ത നഷ്ടത്തിന് ഇടവരുത്തും. പത്തു ശതമാനം മുന്നോക്ക സംവരണക്കാരെ സഹായിക്കുവാനുള്ള രാഷ്ട്രീയ-ഉദ്യോഗസ്ഥ-സവർണ ഗൂഢാലോചനയും പി.എസ്.സിയിലെ പിന്നോക്ക വിരുദ്ധരുടെ നീക്കവും അവസാനിപ്പിക്കുവാൻ ബന്ധപ്പെട്ട മുഴുവൻ അധികാര കേന്ദ്രങ്ങളും സത്വര നടപടി സ്വീകരിക്കണമെന്നും എൻ.കെ അലി ആവശ്യപ്പെട്ടു.