ആരോപണം നിഷേധിച്ച് മൊയ്തീൻ
ബി.ജെ.പി പ്രക്ഷോഭം കടുപ്പിക്കുന്നു
തൃശൂർ - ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള ബിജു മുൻ മന്ത്രി എ.സി.മൊയ്തീൻ എം.എൽ.എയുടെ ബന്ധുവാണെന്ന ആരോപണമുന്നയിച്ച് ബി.ജെ.പി രംഗത്ത്. എന്നാൽ എ.സി.മൊയ്തീൻ ഇത് നിഷേധിച്ചു. ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. തട്ടിപ്പു കേസിലെ പ്രതി ബിജു കരീം തന്റെ ബന്ധുവാണെന്നത് അടിസ്ഥാന രഹിതമാണെന്നും ബിജു കരീമിനെ തനിക്കറിയില്ലെന്നും പ്രതികളിലാരും തന്റെ ബന്ധുക്കളല്ലെന്നും എ.സി മൊയ്തീൻ പറഞ്ഞു. കരുവന്നൂർ വിഷയത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ ബി.ജെ.പി തീരുമാനിച്ചു.
കരുവന്നൂർ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടപടികളുമായി മുന്നോട്ടു പോകാനാണ് ബി.ജെപിയുടെ തീരുമാനം.
കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ശക്തമായ സമരപ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുകയാണ്. ഇന്ന് കെ.സുരേന്ദ്രനും നാളെ യുവമോർച്ച സെക്രട്ടറിയും സമരത്തിന് നേതൃത്വം നൽകും.
ഇതിനിടെ മന്ത്രി ആർ.ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് വന്നതിലും അന്വേഷണം വേണമെന്ന ആവശ്യവും ബി.ജെ.പി മുന്നോട്ട് വെയ്ക്കുന്നുണ്ട്. വിഷയത്തിൽ കൈവശമുള്ള തെളിവുകൾ ഇഡിക്ക് കൈമാറുമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
മുൻ ബാങ്ക് മാനേജർ ബിജു കരിം, കമ്മീഷൻ ഏജന്റ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമാണ് ബി.ജെ.പി ആരോപിക്കുന്നത്. ബാങ്കിൽ നിന്ന് ഈടില്ലാതെയും വ്യാജ ഈട് നൽകിയതും വൻകിട ലോണുകൾ നൽകിയത് കമ്മിഷൻ കൈപ്പറ്റിയാണെന്നും ആരോപണമുണ്ട്. ഓരോ ലോണിനും പത്ത് ശതമാനം വരെ കമ്മിഷൻ ഈടാക്കിയാണ് വായ്പ അനുവദിച്ചത്. തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്ന് നാഗേഷ് ആരോപിച്ചു.