ന്യൂദല്‍ഹി- പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരന്‍ കാനഡയിലേക്ക് മാറി എടുത്തു കൊണ്ടു പോയതിനാല്‍ ബഹ്്‌റൈനിലേക്ക് പോകേണ്ട പ്രവാസി ഇന്ത്യക്കാരന്‍ മൂന്നു ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി.
അമേരിക്കന്‍ പൗരത്വമുള്ള ലഖ്‌നൗ സ്വദേശി സത്യേന്ദ്ര സിംഗ് ആണു പാസ്‌പോര്‍ട്ടും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ട് മൂന്നു ദിവസം ദല്‍ഹി വിമാനത്താവളത്തില്‍നിന്നു പുറത്തു കടക്കാനാകാതെ വലഞ്ഞത്.
ശനിയാഴ്ചയാണ് ബഹ്‌റൈനിലേക്കു പോകേണ്ട സത്യേന്ദ്ര സിംഗ് ലഖ്‌നൗവില്‍നിന്നു ദല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ എത്തിയത്. സുരക്ഷാ പരിശോധനക്കായുള്ള നിരയില്‍ വന്‍തിരക്കായിരുന്നു. പരിശോധനക്കായി പാസ്‌പോര്‍ട്ട് അടങ്ങിയ ബാഗ് സ്‌കാനറില്‍ വെച്ചു. എന്നാല്‍, പരിശോധന കഴിഞ്ഞ് നോക്കുമ്പോള്‍ തന്റെ ബാഗ് കാണാനില്ല. ഉടന്‍തന്നെ സുരക്ഷാ വിഭാഗത്തില്‍ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു സത്യേന്ദ്രയുടെ ബാഗ് എയര്‍ കാനഡ വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ മാറിയെടുത്തുവെന്നു വ്യക്തമായത്. അപ്പോഴേക്കും എയര്‍ കാനഡ വിമാനം ദല്‍ഹിയില്‍നിന്ന് പറന്നുയര്‍ന്നിരുന്നു. തന്റെ സ്വന്തം ബാഗ് എടുക്കാതെയാണ് എയര്‍ കാനഡയില്‍ പുറപ്പെട്ട യാത്രക്കാരന്‍ സത്യേന്ദ്രയുടെ ബാഗുമായി കാനഡയ്ക്കു പറന്നത്.
പണമോ വസ്ത്രങ്ങളോ കൈയില്‍ ഇല്ലാതെ സത്യേന്ദ്ര ശനിയാഴ്ച വിമാനത്താവളത്തിലെ ടെര്‍മിനലില്‍ തറയില്‍ കിടന്നു. സുരക്ഷാ കാരണങ്ങളാല്‍ ഇയാള്‍ക്ക് ടെര്‍മിനലിനു പുറത്തുപോകാന്‍ അനുമതി ഉണ്ടായിരുന്നില്ല. ലഖ്‌നൗ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നതുകൊണ്ട് സത്യേന്ദ്രയ്ക്കു തിരികെ മടങ്ങാനും കഴിഞ്ഞില്ല.
പിന്നീട് വീട്ടുകാരെ വിവരം അറിയിച്ചപ്പോള്‍ ആഹാരത്തിനും മറ്റുമുള്ള പണം അയച്ചു കൊടുത്തു. എന്നാല്‍, വിമാനത്താവളത്തിനുള്ളില്‍ തന്നെ കഴിയേണ്ടതിനാല്‍ ബന്ധുക്കളെ കാണാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച എയര്‍ ഇന്ത്യയുടെ ലോഞ്ചിലേക്ക് സത്യേന്ദ്രയെ മാറ്റി.
ലഖ്‌നൗവില്‍ കഴിയുന്ന മാതാപിതാക്കളെ കാണാനാണു സത്യേന്ദ്ര സിംഗ് എത്തിയത്. പാസ്‌പോര്‍ട്ട് കൈവശം ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ മടക്കി അയക്കാന്‍ കഴിയില്ലെന്നാണ് സിഐഎസ്എഫ് വ്യക്തമാക്കിയത്.
ഒടുവില്‍ ഇന്നലെ എയര്‍ കാനഡ വിമാനത്തില്‍ സത്യേന്ദ്രയുടെ പാസ്‌പോര്‍ട്ടും ബാഗും ദല്‍ഹിയില്‍ തിരിച്ചെത്തി. ബാഗിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും തുടര്‍ യാത്രയ്ക്കുള്ള ടിക്കറ്റിന്റെ വ്യത്യാസം വന്ന തുക സിംഗ് അടക്കേണ്ടി വരുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. രാത്രിയോടെ സത്യേന്ദ്ര സിംഗ് ബഹ്്‌റൈനിലേക്കു പറന്നു.