കോഴിക്കോട്- സച്ചാർ, പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മുസ്‌ലിം സമുദായത്തിനായി നടപ്പാക്കിയ സ്‌കോളർഷിപ്പുകളുടെ അനുപാതം മാറ്റി സർക്കാർ ഉത്തരവിറക്കിയ നടപടി മുസ്‌ലിം സമുദായത്തോടുള്ള തികഞ്ഞ വഞ്ചനയാണെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം. ആരോപിച്ചു.
മുസ്‌ലിം സ്‌കോളർഷിപ് ജനസംഖ്യാനുപാതികമാക്കി ഇറക്കിയ സർക്കാർ ഉത്തരവ് കത്തിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം സമുദായത്തോട് വിവേചനം നിറഞ്ഞ ഏതു നടപടിയുമാകാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്‌കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമാക്കിയ സർക്കാർ ഉത്തരവ്. സച്ചാർ കമ്മിറ്റിയുടെ നിർദേശങ്ങളെ ഫലത്തിൽ അട്ടിമറിച്ച വഞ്ചനാപരമായ ഉത്തരവിനെതിരെ പ്രതിഷേധിക്കാൻ മുഴുവൻ സമുദായ രാഷ്ട്രീയ സംഘടനകളും വ്യക്തികളും രംഗത്തിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു
എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ശമീർ ബാബു, സഈദ് കടമേരി, അബുദുൽ ജബ്ബാർ, ശാഹിൻ. സി.എസ്, സൽമാനുൽ ഫാരിസ്, തശ്‌രീഫ്. കെ.പി, നിയാസ് വേളം തുടങ്ങിയവർ സംബന്ധിച്ചു.