മലപ്പുറം- മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി വിശേഷിപ്പിച്ച് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ പ്രത്യക്ഷപ്പെട്ട ഫ്ളക്‌സ് ബോർഡ് വിവാദമായതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു. പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു മുന്നിൽ ബോർഡ് സ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർന്നതോടെയാണ് പരിസരത്തെ മറ്റൊരു സ്ഥലത്തേക്കു മാറ്റിയത്. കേരളത്തിന്റെ ദൈവം എന്ന പേരിലാണ് പിണറായി വിജയന്റെ ചിത്രം സഹിതമുള്ള ഫ്ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ആരാണ് ദൈവം എന്നു നിങ്ങൾ ചോദിച്ചു. അന്നം തരുന്നവനെന്നു ജനം പറഞ്ഞുവെന്നാണ് ഫ്ളക്‌സ് ബോർഡിലുള്ളത്. വിവാദത്തിനു പിന്നാലെ ഫ്‌ളക്‌സ് ബോർഡ് ആദ്യസ്ഥലത്തുനിന്നു മാറ്റി സ്ഥാപിച്ചു. ശ്രീ പത്മനാഭന്റെ മണ്ണും സ്വാമി അയ്യപ്പന്റെ മണ്ണും ഗുരുവായൂരപ്പന്റെയും കൊടുങ്ങല്ലൂരമ്മയുടെയും തട്ടകവും ചുവന്നു കിടക്കുന്നു. ഈ തിരഞ്ഞെടുപ്പിൽ ദൈവങ്ങളെല്ലാം കമ്യൂണിസ്റ്റാണെന്നതിന് ഇതിൽപ്പരം തെളിവു വേണോ എന്നെഴുതിയ മറ്റൊരു ബോർഡും സ്ഥാപിച്ചിരുന്നു.