മക്ക - ദിവസങ്ങൾക്കുള്ളിൽ അറഫയിലും വിശുദ്ധ ഹറമിലും മൂന്നു ഖുതുബകൾ നിർവഹിച്ച് അത്യപൂർവ നേട്ടത്തിന് ഉടമയായിയിരിക്കുകയാണ് ഹറം ഇമാമും ഖതീബും ഉന്നത പണ്ഡിതസഭാംഗവുമായ ശൈഖ് ഡോ. ബന്ദർ ബലീല. ഇത്തവണത്തെ ഹജിന് അറഫ സംഗമത്തിനിടെ നമിറ മസ്ജിദിൽ അറഫ ഖുതുബ നിർവഹിക്കാൻ ശൈഖ് ഡോ. ബന്ദർ ബലീലയെ ചുമതലപ്പെടുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് നിർദേശിക്കുകയായിരുന്നു. ലോക മുസ്‌ലിംകൾ ഏറെ പ്രാധാന്യത്തോടെ വീക്ഷിക്കുന്ന ഖുതുബയാണ് അറഫ പ്രസംഗം. അറഫ ഖുതുബ നിർവഹിച്ചതിന്റെ തൊട്ടടുത്ത ദിവസം രാവിലെ ബലിപെരുന്നാൾ നമസ്‌കാരത്തിന് നേതൃത്വം നൽകാനും ഖുതുബ നിർവഹിക്കാനും ഭാഗ്യം സിദ്ധിച്ചതും ശൈഖ് ഡോ. ബന്ദർ ബലീലക്ക് ആയിരുന്നു. ബലിപെരുന്നാളിന്റെ മൂന്നാം ദിവസവും അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനവുമായ ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ ഖുതുബ നിർവഹിച്ചതും നമസ്‌കാരത്തിന് നേതൃത്വം നൽകിയതും ശൈഖ് ഡോ. ബന്ദർ ബലീല തന്നെയായിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ തുടർച്ചയായി ഇങ്ങിനെ മൂന്നു ഖുതുബകൾ നിർവഹിക്കാൻ അത്യപൂർവ ഭാഗ്യം ശൈഖ് ഡോ. ബന്ദർ ബലീലക്ക് സിദ്ധിച്ചു.