കൊച്ചി- തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും റേഡിയോ ജോക്കിയുമായ അനന്യ കുമാരി അലക്‌സിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ഒരു വര്‍ഷം മുന്‍പു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് സ്വകാര്യ ഭാഗങ്ങളില്‍ ഉണങ്ങാത്ത മുറിവുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടിലുള്ളത്. അനന്യയുടെ മരണം ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനം.
ചികിത്സാ പിഴവ് ആരോപണത്തില്‍ വ്യക്തത വരുത്തുന്നതിനായി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി തിങ്കളാഴ്ച സംസാരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അനന്യയുടെ ഒപ്പം താമസിച്ചിരുന്ന സുഹൃത്ത് ജിജു ഗിരിജാ രാജിനെയും വെള്ളിയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ചൊവ്വാഴ്ചയാണ് ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റില്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന നിലപാടിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം.
ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് അനന്യ ആത്മഹത്യ ചെയ്തത്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അതിനിടെയാണ് അനന്യയുടെ പങ്കാളിയും ജീവനൊടുക്കിയത്.
ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ സ്വകാര്യ ആശുപത്രിയില്‍നിന്നുള്ള രേഖകള്‍ പോലീസ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ക്ക് കൈമാറിയിരുന്നു.