Sorry, you need to enable JavaScript to visit this website.

കോവിഡ് ചികിത്സക്ക് മൃഗങ്ങളിൽ പരീക്ഷണവുമായി യു.എ.ഇ ശാസ്ത്രജ്ഞർ

കോവിഡ് ചികിത്സാ പരീക്ഷണത്തിനായി ഒട്ടകത്തിന്റെ രക്ത സാമ്പിൾ ശേഖരിക്കുന്നു.
  • രക്ത സാമ്പിളുകൾ ശേഖരിച്ചുതുടങ്ങി 

ദുബായ്- കോവിഡ് ചികിത്സക്ക് സഹായകമാകുന്ന രീതിയിൽ പരീക്ഷണങ്ങൾ നടത്താൻ യു.എ.ഇ ശാസ്ത്രജ്ഞർ മൃഗങ്ങളിൽനിന്ന് രക്ത സാമ്പിളുകൾ ശേഖരിച്ച് തുടങ്ങി. വ്യത്യസ്ത മൃഗങ്ങളിൽനിന്ന് 500 ലേറെ സാമ്പിളുകളാണ് ദുബായ് സെന്റർ വെറ്ററിനറി റിസർച്ച് ലബോറട്ടറി (സി.വി.ആർ.എൽ) ഇതിനകം ശേഖരിച്ചത്. 34 വയസ്സുള്ള ഒട്ടകത്തിൽനിന്നാണ് ഏറ്റവും പ്രായമുള്ള മൃഗം എന്ന നിലയിൽ സാമ്പിൾ ശേഖരിച്ചത്. ആന്റിബോഡി ടെസ്റ്റുകൾ നടത്തി കോവിഡിനെ ചെറുക്കാനുള്ള ശേഷി ഏത് മൃഗങ്ങൾക്കാണ് കൂടുതലുള്ളത് എന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. മൃഗങ്ങളിലെ പരീക്ഷണങ്ങൾ കോവിഡിനെതിരായ പോരാട്ടത്തിൽ ഏതെങ്കിലും തരത്തിലുള്ള ഉത്തരം തരുമെന്നാണ് പ്രതീക്ഷയെന്ന് സി.വി.ആർ.എൽ വെറ്ററിനറി മൈക്രോ ബയോളജിസ്റ്റ് ഡോ. ഉൽറിച്ച് വെനേറി പറഞ്ഞു. 


സിംഹം, കടുവ, ആട്, കുതിര, പൂച്ച, പട്ടി എന്നിങ്ങനെ 18 വ്യത്യസ്ത മൃഗങ്ങളിൽനിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ഈ രക്തസാമ്പിളുകളിൽ ആന്റിബോഡി കണ്ടെത്തുകയാണ് ലക്ഷ്യം. മെർസ് വൈറസിൽനിന്ന് മുക്തി നേടിയ 50 ഒട്ടകങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ച് ആന്റിബോഡി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. രണ്ടായിരം മുതൽ 2015 വരെയും ഗൾഫ് രാജ്യങ്ങളിലെ ഒട്ടകങ്ങളിൽ മെർസ് വൈറസ് ബാധ കണ്ടെത്തിയിരുന്നു. നിരവധി മൃഗങ്ങളാണ് മെർസ് ബാധിച്ച് മരിച്ചത്. ഈ വൈറസിനെ അതിജീവിച്ച മൃഗങ്ങളിൽ ഇപ്പോഴും ഇതിനെ ചെറുത്ത ആന്റിബോഡി ഉണ്ടെന്നാണ് കരുതുന്നത്. ഈ ആന്റിബോഡി കണ്ടെത്തിയാൽ അത് കോവിഡിനെതിരായ പോരാട്ടത്തിൽ വഴിത്തിരിവാകുമെന്ന് യു.എ.ഇയിലെ ശാസ്ത്രജ്ഞർ കരുതുന്നു. 


മൃഗങ്ങളിൽ പടർന്നുപിടിച്ച സാർസ് ആണ് കോവിഡ്19 എന്ന മഹാമാരിയിലേക്ക് ലോകത്തെ എത്തിച്ചത് എന്നതു സംബന്ധിച്ച് തെളിവുകൾ ഒന്നുമില്ല. എങ്കിലും ഈ രോഗവും കോവിഡ് രോഗവും തമ്മിൽ സമാനതകളുണ്ട് എന്നതാണ് ഇത്തരമൊരു പഠനത്തിന് പ്രേരകമായത്. നിലവിൽ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് ഈ അസുഖം പടരുന്നതിന്റെ സാധ്യത കുറഞ്ഞിട്ടുണ്ടെങ്കിലും അടുത്ത് ഇടപഴകുന്നവർക്ക് രോഗം വരാവുന്നതാണ്. കോവിഡ് വരുന്നതിന് മുമ്പ് ഗൾഫ് രാജ്യങ്ങളിൽ നിരവധി പേർ ഈ അസുഖം ബാധിച്ച് മരിച്ചിരുന്നു. മൃഗങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി മാറ്റിയിട്ടുണ്ട്. അടുത്ത ആഴ്ച തുടങ്ങുന്ന പരീക്ഷണം 14 ദിവസത്തിനകം പൂർത്തീകരിക്കും. ഓരോ സാമ്പിളുകളിലും ആന്റിബോഡി എലീസ ടെസ്റ്റ് നടത്തി ഫലം പരിശോധിക്കും. 

 

Latest News